ഈരടികളുടെ കൊടുങ്കാറ്റ്
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരവേദികളില്‍ പ്രത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ചിലതൊക്കെയും ഇന്ദോരിയുടെ കാവ്യശകലങ്ങളായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, അദ്ദേഹത്തിന്റെ തന്നെ ഗസല്‍ ആയ 'അഗര്‍ ഖിലാഫ് ഹേ ഹോനെ ദോ'യില്‍ നിന്നുമെടുത്ത, 'സബി കാ ഖൂന്‍ ഹേ ഷാമില്‍ യഹാന്‍ കി മിട്ടി മേ; കിസി കെ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡി ഹേ' (എല്ലാവരുടെയും രക്തം ഇവിടുത്തെ മണ്ണില്‍ കൂടിച്ചേരുന്നു; ഹിന്ദുസ്ഥാന്റെ മണ്ണ് ആരുടേയും തന്തയുടേതല്ല) എന്ന ഈരടികളായിരുന്നു.
ഡല്‍ഹിയിലെ തെരുവോരങ്ങളിലെ ചുമരുകളിലും പോസ്റ്ററുകളിലും ബാനറുകളിലും, ജാമിയ മില്ലിയ അടക്കമുള്ള സര്‍വകലാശാലാ കവാടങ്ങളിലും ഈ വരികള്‍ മുദ്രാവാക്യങ്ങളായി പരിണമിച്ചു. സി.എ.എ. വിരുദ്ധ പ്രതിഷേധക്കാരുടെ 'ഐക്കണ്‍' ആയി ഇന്ദോരി പലപ്പോഴും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.
ഏതെങ്കിലും മതത്തിനല്ല,
എല്ലാവര്‍ക്കുമുള്ള വരികള്‍
ഈ വര്‍ഷം തുടങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ 'ബുലാത്തി ഹേ മഗര്‍ ജാനെ കാ നഹി' എന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും, ഇത് ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു തരംഗം തന്നെ സൃഷ്ടിക്കുകയും ചെയ്തു.
അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞു കൊണ്ടിരുന്നു: 'ഞാന്‍ ഈ ഗസല്‍ എഴുതിയത് ഏകദേശം മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നിരുന്നാലും കൃത്യമായ വര്‍ഷമോ എഴുതിയ സന്ദര്‍ഭമോ എനിക്ക് ഓര്‍മയില്ല. പല 'മുശായര'കളിലും ഞാന്‍ ഈ ഗസല്‍ പാടിയിട്ടുമുണ്ട്. അതിനെക്കുറിച്ച് പോലും മറന്നിരുന്നു, എന്നാല്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, ഒരു വിള, വീണ്ടും മുളച്ചുയരുന്നതുപോലെ, ഈ വാക്കുകള്‍ വീണ്ടും ഉയര്‍ന്നു.'
നാട്യങ്ങളില്ലാതെ, അദ്ദേഹം അടിവരയിട്ടു: 'ഇപ്പോള്‍, ഞാന്‍ എവിടെ പോയാലും ആളുകള്‍ ഇത് ചൊല്ലാന്‍ എന്നോട് അഭ്യര്‍ഥിക്കുന്നു, പക്ഷേ ഇത് പലപ്പോഴും ഒരു മുസ്‌ലിം ശായരിയായി എടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. യെ കിസി ഏക് മജാബ് കാ ശായര്‍ നഹി ഹേ (ഈ വരികള്‍ ഏതെങ്കിലും പ്രത്യേക മതത്തിനല്ല). അവ എല്ലാവര്‍ക്കുമുള്ളതാണ്.'
യുവത്വത്തെ
ത്രസിപ്പിച്ച കവി
സാഹിത്യ, ഗവേഷണ ജേര്‍ണലുകളിലേക്കുള്ളതായിരുന്നില്ല, അദ്ദേഹത്തിന്റെ കവിതകളും കാവ്യപരിസരങ്ങളും. മറിച്ച്, അത് ജനപക്ഷ ഇടനാഴികളില്‍ കയറി കലഹങ്ങള്‍ കൂട്ടാനുള്ളതായിരുന്നു. അനുഭൂതികള്‍ സമ്മാനിച്ച്, വൈകാരിക തള്ളിച്ചകള്‍ സൃഷ്ടിക്കാനുള്ളതായിരുന്നു. എല്ലാ അര്‍ഥത്തിലും ഒരു ജനകീയ കവി, അതായിരുന്നു ഇന്ദോരി.
ഓരോ വികാരത്തിനും, ഓരോ മുഹൂര്‍ത്തത്തിനും അദ്ദേഹത്തിന് ഒരു രണ്ടുവരിക്കവിത ഉണ്ടായിരുന്നു. തന്റെ ഗസലുകളില്‍, വ്യക്തമായ കാവ്യാത്മക ഭാഷയില്‍ വീഴാതെ, അദ്ദേഹം പരമ്പരാഗത ട്രോപ്പുകള്‍ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പ്രതിഷേധ കവിതകള്‍ ഹബീബ് ജാലിബിന്റെയും ദുഷ്യന്ത് കുമാറിന്റെയും രചനകളെ അനുസ്മരിപ്പിക്കുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷമായി, അദ്ദേഹത്തിന്റെ കവിതകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റുഫോമുകളില്‍ ഇന്ത്യന്‍ യുവത്വം, തിമിര്‍ത്താഘോഷിച്ചു.
ഇന്‍ഡോറില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന, ദേവി അഹല്യ ബായ് സര്‍വകലാശാലയില്‍ ഉറുദു പ്രൊഫസറായി ജോലി ചെയ്തിരുന്ന, മൂര്‍ച്ചയുള്ള വിഷ്വല്‍ ഇമേജറിക്ക് പേരുകേട്ട റാഹത്ത് ഖുറേഷിക്ക്, കവിത 'നൊസ്സാ'യവരുടെയൊക്കെ ഹൃദയത്തിലേക്ക് ഒരു കള്ളനെപ്പോലെ കടന്നു കയറാനുള്ള തന്ത്രങ്ങള്‍ അറിയാമായിരുന്നു. 'ഞാന്‍ അഞ്ച് ഈരടികള്‍ ഒരു ശായരിയില്‍ ചൊല്ലുകയാണെങ്കില്‍, നിങ്ങള്‍ക്ക് അവയെല്ലാം ഇഷ്ടപ്പെട്ടേക്കില്ല, പക്ഷേ ഓരോരുത്തര്‍ക്കും ഒരു ഈരടി അതില്‍ ഇഷ്ടമുള്ളതായി കണ്ടെത്താനാകും. അത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണ്' ആ തന്ത്രമെന്താണെന്ന്, അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
വിമര്‍ശകര്‍ക്ക് മറുപടിയുണ്ട്
സങ്കീര്‍ണ്ണമായ വികാരങ്ങളെ ലളിതമായ വാക്കുകളില്‍ എങ്ങനെ അറിയിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു: 'ഹംനെ സിഖി നഹിന്‍ ഹേ കിസ്മത് സെ ഐസി ഉര്‍ദു ജോ ഫാര്‍സി ഭി ലഗെ.' (ഭാഗ്യവശാല്‍, പേര്‍ഷ്യന്‍ പോലെ പ്രത്യക്ഷപ്പെടുന്ന ഉര്‍ദു ഞാന്‍ പഠിച്ചിട്ടില്ല.)
കവിതകള്‍, ഒരാള്‍ ജീവിച്ചിരിക്കുന്ന തലമുറയുടെ ഭാഷയില്‍ രചിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ശാഠ്യം പിടിക്കുന്നു. 'എന്റെ ഉയരം അളക്കണമെങ്കില്‍ നിങ്ങള്‍ വ്യാജ പുകമറയുള്ള കൊടുമുടികള്‍ കടക്കണം, ഗോപുരങ്ങളില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വരണം' എന്നാണ്, സ്റ്റേജില്‍ നാടകീയമായി അവതരണം നടത്തുകയും, ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്ന മട്ടില്‍ വിമര്‍ശിക്കുന്നവരോട് അദ്ദേഹത്തിന് വിശദീകരിക്കാനുള്ളത്.
ബൗദ്ധിക അസമത്വം ഉള്‍പ്പെടെ എല്ലാത്തരം അസമത്വങ്ങള്‍ക്കും എതിരായിരുന്നു റാഹത് ഇന്ദോരി. സാധാരണക്കാരില്‍ നിന്നും മാറി, ഏതെങ്കിലും ഗോപുരത്തിന് മുകളില്‍ നിന്നും ലോകത്തെ നോക്കിക്കാണുമ്പോള്‍ ഒരാള്‍ ലോകത്തെ ചെറുതായ രീതിയില്‍ മാത്രമാണ് കാണുകയും അനുഭവിക്കുകയും ചെയ്യുന്നത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്.
ചോരില്ല വിപ്ലവച്ചൂര്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, മത ധ്രുവീകരണത്തിനെതിരെ സംസാരിക്കുന്നവരുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു സ്വതന്ത്ര ശബ്ദമായി അദ്ദേഹം മാറി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ 'കിസി കെ ബാപ്പ് കാ ഹിന്ദുസ്ഥാന്‍ തോഡി ഹേ' ഒരു ജനപ്രിയ ഹാഷ്ടാഗായി മാറി. ഇന്നത്തെ ഇന്ത്യയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് സൂചന നല്‍കുമ്പോള്‍ 'ലഗെഗി ആഗ് ടു അയേംഗെ കൈ മകന്‍ സാദ് മെയിന്‍, യഹാന്‍ പെ ഹമാര ഹായ് മകന്‍ തോഡി ഹേ' എന്ന അദ്ദേഹത്തിന്റെ വരികള്‍ വായനക്കാരെ ആകര്‍ഷകമാക്കും.
അദ്ദേഹം കോറിയിട്ട വരികള്‍ക്ക് മരണമില്ല. അത് മനുഷ്യന്റെ സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിവാഞ്ജയെയാണ് ധ്വനിപ്പിക്കുന്നത്. മനുഷ്യനുള്ളിടത്തോളം കാലം ഈ അഭിവാഞ്ജ തളംകെട്ടി നില്‍ക്കും. അതില്‍ എവിടെയെങ്കിലും റാഹത് ഇന്ദോരി എന്ന വിപ്ലവകാരിയുടെ രണ്ടുവരി കവിതകളെങ്കിലും ഓരം ചേര്‍ന്ന് ചലിക്കുന്നുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."