പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40നായിരുന്നു അന്ത്യം. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്. വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി., ഇഎംഎസ്, ഇന്ദ്രജിത്ത് ഗുപ്ത, എസ്.എ. ഡാങ്കേ, സി. അച്യുതമേനോന്‍, എം.എന്‍. ഗോവിന്ദന്‍നായര്‍, പി.കെ. വാസുദേവന്‍ നായര്‍, എം.ടി. വാസുദേവന്‍ നായര്‍, എസ്.കെ. പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍.വി. കൃഷ്ണവാരിയര്‍, കേശവദേവ്, സുകുമാര്‍ അഴീക്കോട്, യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെയൊക്കെ അത്യപൂര്‍വചിത്രങ്ങള്‍ ഇവയിലുള്‍പ്പെടുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ 'സാനഡു'വിലായിരുന്നു താമസം.
കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ഓഗസ്റ്റിലാണ് രാജന്‍ ജനിച്ചത്. പുനലൂര്‍ ഹൈസ്‌കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠനം. അക്കാലത്ത് കവിതകളും കഥകളുമെഴുതി തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടി. മാവേലിക്കര രവിവര്‍മ സ്‌കൂളില്‍നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി.
1963ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടന്‍ ജീവിതത്തിന്റെ ഭാഗമായി. 1994ല്‍ വിരമിച്ചു. സ്‌കൂള്‍ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജന്‍ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി.
തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, വി. അബ്ദുല്ല, എന്‍.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരന്‍, പി.എ. ബക്കര്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, ചെലവൂര്‍ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.
സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയില്‍ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എസിയുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാന്‍ ശ്രമം നടന്നത്. പഠനം പൂര്‍ത്തിയാക്കി രാജന്‍ നാട്ടില്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.
'ബഷീര്‍: ഛായയും ഓര്‍മയും', 'എംടിയുടെ കാലം' എന്നിവയാണ് രാജന്റെ പുസ്തകങ്ങള്‍. രണ്ടാംലോകയുദ്ധം കുഴച്ചുമറിച്ചിട്ട പ്രദേശങ്ങളില്‍ സഞ്ചരിച്ച് തയാറാക്കിയ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകള്‍' എന്ന ചിത്രത്തിന് സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു.
ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതന്‍ ഗേള്‍സ് എച്ച്.എസ്.എസ്., ചാലപ്പുറം), മകന്‍ ഡോ. ഫിറോസ് രാജന്‍ (കാന്‍സര്‍ സര്‍ജന്‍, കൊവൈ മെഡിക്കല്‍ സെന്റര്‍, കോയമ്പത്തൂര്‍), മകള്‍ ഡോ. പോപ്പി രാജന്‍ (ക്വാലലംപുര്‍ മെഡിക്കല്‍ കോളേജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."