ക്വാസി- ജുഡിഷ്യല്‍ അധികാര ഉത്തരവുകളില്‍ കോടതി ഇടപെടലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സെക്രട്ടറിമാര്‍ ക്വാസി-ജുഡിഷ്യല്‍ അധികാരം പുറപ്പെടുവിച്ചുള്ള ഉത്തരവുകളില്‍ വീഴ്ചകളും കോടതി ഇടപെടലുകളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സെക്രട്ടറിയില്‍ നിക്ഷിപ്തമായ കാര്യങ്ങളില്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുമ്പോള്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഉത്തരവുകളിലെല്ലാം ചുരക്കത്തില്‍ കാര്യങ്ങള്‍ വിശദമാക്കണം. കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ പരാതികള്‍ ലഭിച്ചതിനു ശേഷമുള്ള നടപടിയാണെങ്കിലും ഇടക്കാല ഉത്തരവ് ആണെങ്കിലും സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി വേണം നടപടികളെടുക്കാന്‍. പരിശോധന നടത്തിയ വസ്തുക്കള്‍ ബോധ്യമാക്കി വേണം ഉടമകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ, ഉത്തരവ് മരവിപ്പിക്കല്‍ എന്നിവ നല്‍കാന്‍.
സെക്രട്ടറിമാരുടെ ക്വാസി-ജുഡിഷ്യല്‍ അധികാര ഉത്തരവുകളില്‍ വരുന്ന വീഴ്ചകളും കോടതി ഇടപെടലുകളും പൂര്‍ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.
കെട്ടിട പെര്‍മിറ്റ് റദ്ദു ചെയ്യുമ്പോള്‍ നോട്ടിസ് നല്‍കി ഒരാഴ്ച സമയമെങ്കിലും കക്ഷിക്ക് വശദീകരണത്തിന് സമയം അനുവദിക്കണം. പെര്‍മിറ്റും ലൈസന്‍സും സംബന്ധിച്ച് ഉടമയുടെ വിശദീകരണം വ്യക്തമല്ലെന്ന് ബോധ്യമായാല്‍ അവ ഓരോന്നും പരാമര്‍ശിച്ച് വേണം ഉത്തരവിറക്കേണ്ടത്. ഇവയുടെ പകര്‍പ്പ് സമയത്തിനുള്ളില്‍ തന്നെ കക്ഷിക്ക് നല്‍കി രസീത് കൈപ്പറ്റണം. അനധികൃത കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കുമ്പോള്‍ താല്‍ക്കാലിക ഉത്തരവിനോടൊപ്പം കാരണം കാണിക്കല്‍ നോട്ടിസും നല്‍കണം.
രണ്ടിനും പ്രത്യേക രസീത് വാങ്ങുകയോ ഒരേ കടലാസില്‍ രണ്ടും ഉള്‍ക്കൊള്ളിക്കുകയോ വേണം. നിയമ ലംഘനം വിശദീകരിക്കുമ്പോള്‍ കെട്ടിടത്തിന്റെ ഭാഗം, പരിധി, വിധം, വ്യാപ്തി തുടങ്ങിയവ കൃത്യമായി ചേര്‍ക്കണം. താല്‍ക്കാലിക ഉത്തരവിന് എതിര്‍ കക്ഷിയെ നേരില്‍ കണ്ട് തിയതി നിര്‍ണയിച്ച് നല്‍കണം. കെട്ടിടത്തിന്റെ കാലപ്പഴക്കം വിദഗ്ധ എന്‍ജിനീയര്‍മാരെ കൊണ്ടു പരിശോധിപ്പിക്കണം. വ്യവസായ ശാലകളാണെങ്കില്‍ സമീപ വാസികള്‍ക്ക് മലനീകരണ പ്രശ്‌നങ്ങളുണ്ടാവുന്നുണ്ടോയെന്ന് സെക്രട്ടറി നേരിട്ടെത്തി പരിശോധിക്കുകയും മറ്റു ഏജന്‍സികളുടെ രേഖകള്‍ പരിശോധിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."