സരിതയും ബെന്നിയും 78 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ കമ്മിഷനില്‍
കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായരും മുന്‍ എം.എല്‍.എ ബെന്നി ബെഹ്‌നാനും 78 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ സോളാര്‍ കമ്മിഷനില്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത അറസ്റ്റിലാകുന്നതിന് മുന്‍പ് എട്ടു തവണയും സരിത ജാമ്യത്തിലിറങ്ങിയതിനു ശേഷം 70 തവണയും ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളാണ് ഇന്നലെ ബെന്നി ബെഹ്‌നാന്റെ വിസ്താരത്തിനിടെ കമ്മിഷന്‍ അഭിഭാഷകന്‍ ഹാജരാക്കിയത്.
വിവിധ നമ്പറുകളില്‍നിന്ന് സരിത, ബെന്നിയെ 73 തവണയും ബെന്നി സരിതയെ അഞ്ചു തവണയും വിളിച്ചതായാണ് രേഖകളില്‍ പറയുന്നത്. അതേസമയം, ജനപ്രതിനിധി എന്ന നിലയില്‍ താന്‍ എല്ലാവരുടെയും ഫോണ്‍കോളുകള്‍ എടുക്കാറുണ്ടെന്നും അങ്ങനെ വിളിച്ചിരിക്കാമെന്നും ബെന്നി ബെഹ്‌നാന്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷന്‍ മുന്‍പാകെ മൊഴി നല്‍കാനെത്തിയ ജനുവരി 25നാണ് സരിത അവസാനമായി ബെന്നി ബെഹ്‌നാന്റെ ഫോണിലേക്ക് വിളിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ജനുവരി 14ന് ബെന്നി ബെഹ്‌നാന്റെ ഫോണില്‍ നിന്ന് സരിതയുടെ നമ്പറിലേക്ക് ഒരു അസഭ്യ എസ്.എം.എസ് വന്നിട്ടുണ്ടെന്ന് സരിത നല്‍കിയ മൊഴി ബെന്നി നിഷേധിച്ചു. ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്റെ ക്രോസ് വിസ്താരത്തിനിടെയാണ് ഇതു നിഷേധിച്ചത്.
സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ ഫോണില്‍നിന്ന് ബെന്നിയുടെ ഫോണിലേക്ക് 31 തവണ വിളിച്ചതിന്റെ രേഖകളും ഇന്നലെ കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കി. അതേസമയം, സരിതയുമായി താന്‍ നടത്തിയെന്ന് പറയപ്പെടുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബെന്നി ബെഹ്‌നാന്‍ നിഷേധിച്ചു. മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടിക്കെതിരേ സരിത നല്‍കിയ പരാതി റദ്ദാക്കണമെന്ന് ബെന്നി ബെഹ്‌നാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെ സരിത കമ്മിഷന്‍ മുന്‍പാകെ ഹാജരാക്കിയ ശബ്ദരേഖകളാണ് ബെന്നി ബെഹ്‌നാന്‍ നിഷേധിച്ചത്. കമ്മിഷനില്‍ താന്‍ എഴുതിയ കത്ത് ഹാജരാക്കാതിരിക്കാന്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത് ബെന്നി ബെഹ്നാന്റെ പ്രേരണമൂലമാണെന്ന് സരിത കമ്മിഷന്‍ മുന്‍പാകെ നല്‍കിയ മൊഴിയും അദ്ദേഹം നിഷേധിച്ചു. സരിത ജയിലിലായതിനുശേഷം സരിതയുടെ വീട്ടിലെത്തി അമ്മയെ കണ്ട് കേസ് സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് വാഗ്ദാനങ്ങള്‍ നല്‍കിയെന്നുമുള്ള സരിതയുടെ മൊഴിയും ബെന്നി ബെഹ്‌നാന്‍ നിഷേധിച്ചു.
സരിത പെരുമ്പാവൂര്‍ പൊലിസ് കസ്റ്റഡിയില്‍വച്ച് എഴുതിയെന്ന് പറയപ്പെടുന്ന കത്തിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സരിതയുടെ അമ്മയ്‌ക്കൊപ്പം കെ.ബി ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപ് കുമാര്‍ എത്തി സോളാര്‍കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് തനിക്കറിയില്ല.
കേരളാ കോണ്‍ഗ്രസ് (ബി) യു.ഡി.എഫിന്റെ ഭാഗമാണെന്നും പുതുതായി ആര് അധികാരത്തില്‍ വന്നാലും ഇനിയും ജയിലില്‍ കിടക്കേണ്ടിവരുമെന്നും എല്ലാം മുന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് താന്‍ ഫെനി ബാലകൃഷ്ണനോട് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞതായുള്ള സരിതയുടെ മൊഴിയും ബെന്നി ബെഹ്‌നാന്‍ നിഷേധിച്ചു. ഉമ്മന്‍ചാണ്ടി ഇപ്രകാരം ഉറപ്പുനല്‍കിയിരുന്നതായോ തന്നെയോ തമ്പാനൂര്‍ രവിയെയോ ഇക്കാര്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നില്ലെന്നും ബെന്നി ബെഹ്‌നാന്‍ മൊഴിനല്‍കി. സരിത എസ്. നായരെയോ ബിജു രാധാകൃഷ്ണനെയോ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും ബെന്നി ബെഹ്‌നാന്‍ കമ്മിഷന്‍ മുന്‍പാകെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."