ബാര്‍കോഴ: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മുന്‍ധനമന്ത്രി കെ.എം മാണി പ്രതിയായ ബാര്‍കോഴ കേസില്‍ ലാബ് റിപ്പോര്‍ട്ട് വൈകുന്നതില്‍ വിജിലന്‍സിന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാണ് വിജിലന്‍സ് ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഈ വര്‍ഷമെങ്കിലും ലാബ് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുമോയെന്ന് പരിഹസിച്ച കോടതി 30 ദിവസത്തിനകം ലാബ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്നലെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്.
കഴിഞ്ഞ തവണ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ബാറുടമ ബിജു രമേശ് ഹാജരാക്കിയ സി.ഡി ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും അത് കിട്ടിയതിനു ശേഷം കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ സമര്‍പ്പിക്കാമെന്നും വിജിലന്‍സ് നേരത്തെ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ നീണ്ട അവധിയിലായതിനാല്‍ അന്വേഷണം തടസ്സപ്പെട്ടിരുന്നതായും വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഇടക്കാല റിപ്പോര്‍ട്ട് മാത്രമേ ഹാജരാക്കിയുള്ളൂ.
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെ.എം മാണി ഒരു കോടി രൂപ ബാറുടമകളില്‍ നിന്ന് വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ജൂണ്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."