മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ സ്വപ്‌ന ചര്‍ച്ചയ്ക്ക് നിയോഗിക്കപ്പെട്ടതെങ്ങനെ; മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശയാത്രാ സംഘത്തില്‍ സ്വപ്‌ന ഉള്‍പ്പെട്ടത്. ഗള്‍ഫില്‍ വച്ച് മുഖ്യമന്ത്രി സ്വപ്നയെ കണ്ടിരുന്നോ ചര്‍ച്ച നടത്തിയിരുന്നോ എന്നെല്ലാം ഇനി അറിയണം. ലൈഫ് പദ്ധതിയുടെ കമ്മിഷന്‍ ആര്‍ക്കൊക്കെ പോയി എന്നതും അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ഇഡിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. ഇതോടെ ശിവശങ്കര്‍ മാത്രമല്ല കേസില്‍ ഉള്‍പ്പെട്ടതെന്ന് വ്യക്തമായി. ഉന്നത ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് അറിയേണ്ടതുണ്ട്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിദേശഫണ്ട് വിവരങ്ങള്‍ പുറത്തുവിടണം. വിദേശപര്യടനങ്ങള്‍ വഴി ലഭിച്ചെന്ന് മുഖ്യമന്ത്രി ആവകാശപ്പെട്ട പദ്ധതികള്‍ എന്തായെന്നും ചെന്നിത്തല ചോദിച്ചു.
നേരത്തെ ഇരുന്ന ചീഫ് പ്രോട്ടോക്കോള്‍ ഓഫിസര്‍ പ്രധാന ഫയലുകള്‍ നശിപ്പിച്ചുവെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മുന്‍ ചീഫ് ഓഫിസറെ ചോദ്യം ചെയ്യണം.
ഈ സര്‍ക്കാര്‍ ചീഞ്ഞു നാറുകയാണ്. സാമ്പ്രാണിതിരി കത്തിച്ചുവെച്ചാലോ തൈലങ്ങള്‍ പുരട്ടിയാലോ സുഗന്ധം വരില്ല. അതിനാലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."