വിയോജിപ്പിന്റെ 'ലക്ഷ്യം' 'അലക്ഷ്യ'മാവുമോ?
അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മൗലികമായ അവകാശം ഭാരതത്തിന്റെ ഭരണഘടന എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നുണ്ട്. ഏതു കെട്ടകാലത്തും ഭരണഘടനാ തത്ത്വങ്ങളില്‍ ഊന്നിയ ജനാധിപത്യ സംവിധാനവും സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥയുമാണ് ഏതൊരു പരിഷ്‌കൃതസമൂഹത്തിന്റെയും മുഖമുദ്ര. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യവ്യവസ്ഥയും നീതിന്യായവ്യവസ്ഥയും അനുചിതമായ ഇടപെടല്‍മൂലം സാധാരണക്കാരന് വിശ്വാസം നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു പറയാതെ വയ്യ.
നീതിപൂര്‍വമായ ഒരു സമൂഹത്തിലേക്ക് നീതി പൂര്‍ണമായും കടന്നുവരുന്നത് 'അഭിപ്രായ സ്വാതന്ത്ര്യവും' 'വിയോജിക്കാനുള്ള അവകാശവും' കൂടി അനുവദിച്ചുകൊടുക്കപ്പെടുമ്പോഴാണ്. എന്നാല്‍, അടുത്ത കാലത്ത് നീതിന്യായവ്യവസ്ഥ അധികാരത്തിനു മുന്നില്‍ പലപ്പോഴും താഴ്ന്നുനില്‍ക്കാനും ഭരണകൂടത്തിനുവേണ്ടി എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനോ തടയാനോ ഉള്ള മനപ്പൂര്‍വമായ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും തിരിതെളിയിക്കുകയും ചെയ്യപ്പെടുന്നു എന്ന ഒരു ബോധ്യം ജനങ്ങളില്‍ ആഴത്തിലിറങ്ങുന്നുണ്ട്. ഭരണകൂടവ്യവസ്ഥയുടെ പിന്താങ്ങലുകാരായി നീതിന്യായ വ്യവസ്ഥിതി മാറുമ്പോള്‍ അവിടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് സുപ്രിം കോടതിയിലെ മുന്‍നിര അഭിഭാഷകനും അറിയപ്പെടുന്ന അഴിമതി വിരുദ്ധ പോരാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസിലെ വിധിക്കെതിരേ നിയമലോകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ഭൂഷണിന്റെ ട്വീറ്റും കോടതിയലക്ഷ്യവും
പ്രശാന്ത് ഭൂഷണിന്റെ രണ്ടു ട്വീറ്റുകളുടെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അദ്ദേഹം കോടതിയലക്ഷ്യം നടത്തിയതായി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചിട്ടുള്ളത്. ഒന്നാമത്തെ ട്വീറ്റ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കോടതികള്‍ തുറന്നുപ്രവര്‍ത്തിക്കാതിരിക്കുന്ന അവസരത്തില്‍ ഒരു വിലകൂടിയ ആഡംബര ബൈക്കിന്റെ മുകളില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ഇരിക്കുന്ന ഒരു ചിത്രം പുറത്തുവന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ളതും രണ്ടാമത്തേത് സുപ്രിം കോടതിയില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലമായി ജനാധിപത്യം അട്ടിമറിക്കപ്പെട്ടു എന്നും അതിനു നാലു ചീഫ് ജസ്റ്റിസുമാര്‍ ഉത്തവാദികളാണെന്നുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി സ്വമേധയാ എടുത്ത കേസായിരുന്നു കോടതിയലക്ഷ്യ നടപടികള്‍. പ്രശാന്ത് ഭൂഷണ്‍ തന്റെ വിശദീകരണത്തില്‍ വസ്തുതാ പിശകുകള്‍ തിരുത്തിയെങ്കിലും മാപ്പപേക്ഷിക്കാന്‍ തയാറായില്ല, പിന്നീട് കോടതി വിശദീകരണം തള്ളി അദ്ദേഹത്തെ കുറ്റക്കാരനാണെന്നു വിധിച്ച് ശിക്ഷയെപ്പറ്റിയുള്ള വാദം കേള്‍ക്കാന്‍ ഈ മാസം 20ാം തിയതിക്ക് മാറ്റിവച്ചിരിക്കുകയുമാണ്.
ഭൂഷണിന്റെ ട്വീറ്റുകള്‍ നീതിനിര്‍വഹണ വ്യവസ്ഥയുടെ അന്തസിനെ ഹനിക്കുന്നതും പൊതുവായി സുപ്രിം കോടതിയുടെയും പ്രത്യേകിച്ച് ചീഫ് ജസ്റ്റിസിന്റെയും അന്തസിനെയും അധികാര െത്തയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമാണെന്നാണ് കണ്ടിരിക്കുന്നത്. പക്ഷേ നിയമലോകത്തെ ബഹുഭൂരിപക്ഷം പ്രമുഖവ്യക്തിത്വങ്ങളും ബഹുമാനപ്പെട്ട സുപ്രിം കോടതിയുടെ കണ്ടെത്തെലുകള്‍ ശക്തിയുക്തം എതിര്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. നീതിവ്യവസ്ഥയിലെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ കുപ്രസിദ്ധമായ പല അഴിമതിയും മറ്റു മനുഷ്യാവകാശ ധ്വംസനങ്ങളും പുറത്തുകൊണ്ടുവരുന്നതിനും കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നില്‍നിന്ന് പോരാടുന്ന ഒരു മുതിര്‍ന്ന അഭിഭാഷകനെ നിലയ്ക്കു നിര്‍ത്താനുള്ള ഒരു നീക്കത്തിന്റെ ഭാഗമായി ഈ കോടതിയലക്ഷ്യ നടപടികളെ കാണുന്നവരുമുണ്ട്.
മുന്‍കാല അനുഭവങ്ങള്‍
കോടതിയലക്ഷ്യ നടപടികള്‍ വളരെ അസാധാരണമായ സാഹചര്യങ്ങളില്‍ അത്യപൂര്‍വമായി മാത്രം എടുത്തുപയോഗിക്കേണ്ട ഒരു നടപടിക്രമം എന്ന നിലയിലാണ് പരമോന്നത കോടതി ഇന്നേവരെ സ്വീകരിച്ച നിലപാട്. സുപ്രിം കോടതി കോടതിയലക്ഷ്യ നിയമം എടുത്തുപയോഗിച്ചിട്ടുള്ള അവസരങ്ങള്‍ വളരെ അപൂര്‍വമാണ്. കേസ് വാദം പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ജഡ്ജിയെ ഷൂസ് ഊരിയെറിഞ്ഞ അഭിഭാഷകനെ ശിക്ഷിച്ചിട്ടുള്ള അനുഭവമൊക്കെ നമ്മുടെ മുന്നിലുണ്ടെങ്കിലും അത് അത്രയും ഗുരുതരമായ സാഹചര്യത്തില്‍ മാത്രമായിരുന്നു. സൗമ്യ കേസിലെ പ്രതി ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രിം കോടതി നടപടിക്കെതിരായി ഫേസ്ബുക്ക് വഴിയും ടെലിവിഷന്‍ അഭിമുഖം വഴിയുമെല്ലാം വിമര്‍ശിച്ച മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിനെതിരായി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചെങ്കിലും പിന്നീട് അത് കോടതിതന്നെ ഒഴിവാക്കുകയാണുണ്ടായത്.
ജസ്റ്റിസ് കര്‍ണന്‍ നിരവധി താക്കീതുകള്‍ക്ക് ശേഷവും നിയമവ്യവസ്ഥക്ക് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചപ്പോള്‍ സുപ്രിം കോടതിയുടെ ഏഴംഗ ബെഞ്ച് ആറു മാസം ശിക്ഷ വിധിച്ചെങ്കിലും, അതും ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2018 ല്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ ഒരു ജഡ്ജിയെ ഫേസ്ബുക്ക് വഴി രൂക്ഷമായി വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അഭിഭാഷകനെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചെങ്കിലും, സുപ്രിം കോടതിയിലെ ജസ്റ്റിസ് എ.കെ സിക്രി നേതൃത്വം നല്‍കിയ ബെഞ്ച് ജഡ്ജിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യത്തിന് കാരണമാകുന്നില്ല എന്ന വിലയിരുത്തലോടെ ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തുകയാണുണ്ടായത്. പൊതുവെ അതീവ ഗുരുതര സാഹചര്യത്തില്‍ മാത്രമാണ് കോടതിയലക്ഷ്യ നടപടികളില്‍ ശിക്ഷിക്കുക എന്നതാണ് ജനാധിപത്യ സംവിധാനമുള്ള ലോക രാജ്യങ്ങളിലെ പൊതുസ്ഥിതി.
അസാധാരണമായ നടപടിക്രമങ്ങള്‍, അസാധാരണമായ വിധി
ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് മാത്രം ഫേസ്ബുക് പോസ്റ്റില്‍ കൂടിയുള്ള കോടതി വിമര്‍ശനം കോടതിയലക്ഷ്യ നടപടിയാകില്ലെന്ന് വിധിച്ച സുപ്രിം കോടതി, അസാധാരണമായതും തിടുക്കം പിടിച്ചുമുള്ള നടപടിക്രമങ്ങളിലൂടെയാണ് ഭൂഷണിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ വാദം കേട്ട് വിധി പ്രസ്താവിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തോളമായി സുപ്രിം കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതും ഭാഗികമായി. അഡ്മിഷന്‍ ദിവസങ്ങളില്‍ ദിനംപ്രതി ആയിരത്തോളം കേസുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന സുപ്രിം കോടതിയില്‍ ഇപ്പോള്‍ നൂറോ നൂറ്റിയമ്പതോ കേസുകള്‍മാത്രമാണ് പരിഗണിക്കപ്പെടുന്നത്. സാധാരണക്കാരുടെ വളരെ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍പോലും പരിഗണിക്കപ്പെടാതിരുന്ന കാലത്ത് ഇത്ര അടിയന്തര പ്രാധാന്യത്തോടെ ഒരു കോടതിയലക്ഷ്യക്കേസ് വിചാരണ നടത്തി ശിക്ഷിച്ചുകൊണ്ട് വിധി പ്രസ്താവിച്ചിരിക്കുന്നത് നിയമലോകം വിമര്‍ശനത്തോടെയാണ് കാണുന്നത്. അതിനു പിന്നാലെ തന്നെ 2009ല്‍ ഭൂഷണിനെതിരായെടുത്ത കോടതിയലക്ഷ്യ നടപടികളിലും ഇപ്പോള്‍ വാദം കേള്‍ക്കുന്നതിന് സുപ്രിം കോടതി നടപടികളെടുക്കുന്ന സാഹചര്യവും വ്യാപകമായ വിമര്‍ശനത്തിന് ഇടവരുത്തിയിട്ടുണ്ട്. ഈ അസാധാരണമായ വിധിക്കെതിരായ രംഗത്ത് വന്നവരില്‍ സുപ്രിം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, മറ്റു മുന്‍ ജഡ്ജിമാര്‍, രാജ്യത്തെ പ്രമുഖരായ അഭിഭാഷകര്‍, നിയമജ്ഞര്‍, അഭിഭാഷക സംഘടനകള്‍ എന്നിവരെല്ലാമുള്‍പ്പെടും. രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടെ പല ഹൈക്കോടതികളിലും ഈ വിധിക്കെതിരായ അഭിഭാഷകരുടെ പ്രതിഷേധം ഇതിനോടകം വന്നു കഴിഞ്ഞിട്ടുണ്ട് . സുപ്രിം കോടതിയിലും അഭിഭാഷകരുടെ പ്രതിഷേധം ആസൂത്രണം ചെയ്തു കഴിഞ്ഞതായി അറിയുന്നുണ്ട്. ഇതിനു മുന്നോടിയായി സുപ്രിം കോടതിയിലെ മൂവായിരത്തോളം അഭിഭാഷകര്‍ ഒപ്പിട്ട ഒരു പ്രസ്താവന സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ പ്രമുഖ നിയമജ്ഞരുടേതായ ലേഖനങ്ങള്‍ ആനുകാലികങ്ങളിലും നിയമ വെബ്‌സൈറ്റുകളിലും മറ്റും വന്നു കഴിഞ്ഞിരിക്കുന്നു. അതിശക്തമായ പ്രതിഷേധങ്ങളാണ് ഈ പ്രത്യേക സാഹചര്യത്തിലും രാജ്യം കാണാന്‍ പോകുന്നതെന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.
രണ്ടു ട്വീറ്റുകള്‍ ജുഡിഷ്യറിയെ
തകര്‍ക്കുമോ?
വളരെ കെട്ടുറപ്പോടുകൂടി, നിയമവാഴ്ച്ചയില്‍ ബന്ധിതമായ അതിശക്തമായ ഒരു ഭരണഘടന സംവിധാനത്തിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ജുഡിഷ്യല്‍ സംവിധാനത്തെ എത്ര പ്രമുഖന്റെ ആയാലും ഒന്നോ രണ്ടോ ട്വീറ്റുകള്‍ക്കൊണ്ടു തകര്‍ക്കാനോ ഇകഴ്ത്താനോ സാധിക്കില്ല എന്ന് തന്നെയാണ് എന്റെ പക്ഷം. എന്നാല്‍, ജനപക്ഷത്തു നിന്നുകൊണ്ടുള്ള ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ജുഡിഷ്യല്‍ സംവിധാനത്തെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. പക്ഷേ, അത്തരം വിമര്‍ശനങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാന്‍ തീരുമാനിച്ചാല്‍ ആത്യന്തികമായ നഷ്ടം നിയമ സംവിധാനത്തിനും അതു വഴി ജനങ്ങള്‍ ജുഡിഷ്യല്‍ സംവിധാനത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിനുമാണെന്നുള്ള പരമാര്‍ഥം സംവിധാനത്തിന്റെ എല്ലാ പങ്കാളികളും മനസിലാക്കേണ്ടുന്ന വേളയാണ് സമാഗതമായിരിക്കുന്നത്.
(സുപ്രിം കോടതി അഭിഭാഷകനാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."