അക്രമം വ്യാപിക്കുന്നു; അനന്ത് നാഗ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ മാസം 25ന് നടക്കേണ്ടിയിരുന്ന അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കി.
തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റുന്ന സാഹചര്യമല്ലെന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.
ഏപ്രില്‍ 16,17 തിയതികളിലായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പിനെതിരേ പ്രചാരണം നടക്കുന്നുണ്ടെന്നും ഭീകരരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ഭീഷണിയുണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. പുതുക്കിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ചുമതലക്കായി 75,000 അര്‍ധസൈനികരെ ഇവിടേക്ക് നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുമാത്രം ചോദിച്ചതിന്റെ പകുതി സൈനികരെ നല്‍കാമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
വോട്ടര്‍മാരുടെ സുരക്ഷകൂടി കണക്കിലെടുത്താണ് അര്‍ധസൈനിക വിഭാഗത്തെ നിയോഗിക്കാനുള്ള ആവശ്യം തെരഞ്ഞെടുപ്പുകമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നത്.
പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ഉചിതമെന്ന് ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."