യുവാവ് വെട്ടേറ്റു മരിച്ചു പ്രതിയുടെ സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി
കുമ്പള (കാസര്‍കോട്): കുമ്പള നായിക്കാപ്പില്‍ ഓയില്‍മില്‍ തൊഴിലാളിയായ യുവാവിനെ വെട്ടി കൊലപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് കുമ്പള സ്വദേശി ശ്രീകുമാര്‍ പൊലിസ് പിടിയിലായി. യുവാവ് കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയുടെ രണ്ടു സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
നായിക്കാപ്പിലെ പ്രസാദ് ഓയില്‍ മില്‍ ജീവനക്കാരനും നായിക്കാപ്പിനു സമീപം സുന്നംഗുളിയിലെ മാധവന്-സുശീല ദമ്പതികളുടെ മകനുമായ ഹരീഷ് (35) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ വഴിയാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് കുമ്പള പൊലിസ് എത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.
ദേഹത്ത് പത്തിലേറെ മുറിവുകളുണ്ടായിരുന്നു. ഹരീഷും കുമ്പള ബദിയഡുക്ക റോഡരികിലെ പെട്രോള്‍ പമ്പിനു സമീപത്തെ ഒരു യുവാവും തമ്മില്‍ ഒരാഴ്ച്ച മുന്‍പ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതു കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം നടത്തുമ്പോഴാണ് ശ്രീകുമാറിന്റെ രണ്ടു സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടങ്കറടുക്ക സ്വദേശികളായ റോഷന് (27), മണി (25)എന്നിവരാണ് മരിച്ചത്. കുമ്പള ബദിയഡുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ കാടിനകത്ത് രണ്ട് മരങ്ങളിലായാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഹരീഷിന്റെ കൊലാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മറ്റൊരു സുഹൃത്തിനെ പൊലിസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."