സുശാന്ത് സിങ്ങിന്റെ മരണം: സി.ബി.ഐ അന്വേഷണം ശരിവെച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി. ബിഹാര്‍ സര്‍ക്കാറിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. മുംബൈ പൊലിസ് ഇതുവരെ ശേഖരിച്ച തെളിവുകള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
സുശാന്തിന്റെ കുടുംബം പാട്‌നയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി.
ജൂണ്‍ 14 നാണ് സുശാന്ത് സിങ്ങിനെ (34) മുംബൈ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നും സുശാന്തിന് വിഷാദരോഗം ബാധിച്ചിരുന്നുവെന്നുമാണ് മുംബൈ പൊലിസിന്റെ നിഗമനം.
മകന്റെ കാമുകി റിയ ചക്രവര്‍ത്തിയും കുടുംബവും സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ചൂണ്ടിക്കാട്ടി പിതാവ് കെ.കെ സിങ് ബിഹാറില്‍ കേസ് ഫയല്‍ ചെയ്തു. നടന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കോടിക്കണക്കിന് രൂപ അക്കൗണ്ടില്‍ നിന്ന് എടുത്തതായുമുള്ള പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത് സി.ബി.ഐ അന്വേഷണത്തിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനും വഴിവെക്കുകയായിരുന്നു.
എന്നാല്‍ സുശാന്ത് സിങ്ങിന്റെ പിതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും റിയ നിഷേധിച്ചിരുന്നു. മുംബൈ പൊലിസ് അന്വേഷണത്തെ അസാധുവാക്കാനുള്ള ബിഹാറിന്റെ നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയമാണെന്നാണ് റിയ കോടതിയില്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."