പരസ്യപ്രചാരണത്തിന് തിരശീല കോലാഹലം ഇന്ന് തീരും
ആലപ്പുഴ: ഒരു മാസക്കാലം ശബ്ദമുഖരിതമായിരുന്ന ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ അന്തരീക്ഷത്തെ നിശബ്ദമാക്കാന്‍ ഇന്ന് കൊട്ടിക്കലാശം.
ദേശീയ പ്രാദേശിക വിഷയങ്ങള്‍ മുതല്‍ വികസനവും വിശ്വാസവും വരെ നിറഞ്ഞാടിയതായിരുന്നു പരസ്യ പ്രചാരണം. നാട്ടിലെ ഓരോ മുക്കുംമൂലയും ഇടവഴികളും ശബ്ദമുഖരിതമാക്കിയ ഉച്ചഭാഷിണികള്‍ ഇന്ന് നിലയ്ക്കും. സ്ഥാനാര്‍ഥികളുടെ എടുപ്പും നടപ്പും സൗന്ദര്യവും വരെ ചര്‍ച്ചയാക്കപ്പെട്ട പ്രചാരണത്തിന് അന്ത്യമാകുന്ന ദിനം.
ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വട്ടപ്പള്ളിയിലും സക്കരിയ ബസാറിലും എന്‍.ഡി.എ സ്ഥാനാര്‍ഥി എ.വി.ജെ ജങ്ഷനിലും പരസ്യപ്രചാരണത്തിന് സമാപനം കുറിക്കും. മാവേലിക്കരയിലെ മുന്നണി സ്ഥാനാര്‍ഥികളുടെ കൊട്ടിക്കലാശം ചെങ്ങന്നൂരില്‍ നടക്കും. കലാശക്കൊട്ട് ആവേശകരമാക്കാന്‍ വന്‍ തയാറെടുപ്പുകളാണ് മുന്നണികള്‍ നടത്തിയിട്ടുള്ളത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ആലസ്യത്തിനിടയിലും കൊട്ടിക്കലാശം പരമാവധി കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ്. നിയമസഭാ മണ്ഡലങ്ങള്‍ തോറും കൊട്ടിക്കലാശം സജ്ജമാക്കിയിട്ടുണ്ട്.
സക്കരിയ ബസാറില്‍ ആലപ്പുഴ കൊട്ടിയിറങ്ങും
ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഇന്ന് കരുനാഗപ്പള്ളി മുതല്‍ ആലപ്പുഴ വരെ റോഡ് ഷോ നടത്തും.
പ്രചാരണം അവസാനിപ്പിച്ച് വൈകിട്ട് വട്ടപ്പള്ളിയില്‍ കലാശക്കൊട്ട് നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിന്റെ റോഡ് ഷോ ഇന്ന് രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടക്കം കുറിക്കും. അരൂക്കുറ്റി, അരൂര്‍ വഴി അമ്പലപ്പുഴ വരെ നടത്തുന്ന റോഡ് ഷോ സക്കരിയ ബസാറില്‍ കൊട്ടിക്കലാശിക്കും.
എന്‍.ഡി.എ സ്ഥാനാര്‍ഥി ഡോ. കെ.എസ് രാധാകൃഷ്ണന്റെ ഇന്ന് രാവിലെ അരൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെ പര്യടനം നടത്തും. ആലപ്പുഴ എ.വി.ജെ ജങ്ഷനിലാണ് പരസ്യപ്രചാരണം അവസാനിപ്പിക്കുന്നത്.
മാവേലിക്കരയുടെ കൊട്ടിയിറക്കം ചെങ്ങന്നൂരില്‍
മാവേലിക്കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ഇന്നു രാവിലെ പത്തനാപുരത്തു നിന്ന് റോഡ് ഷോ ആരംഭിക്കും.
കൊട്ടാരക്കര, കുന്നത്തൂര്‍, മാവേലിക്കര, കുട്ടനാട്, ചങ്ങനാശേരി മണ്ഡലത്തിലൂടെ പര്യടനം നടത്തി ചെങ്ങന്നൂര്‍ നഗരത്തില്‍ കലാശക്കൊട്ട് നടത്തും.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ കുട്ടനാട്, ചങ്ങനാശേരി മണ്ഡലങ്ങളിലൂടെ റോഡ് ഷോ നടത്തിയ ശേഷം വൈകിട്ട് ചെങ്ങന്നൂരില്‍ പ്രചാരണം അവസാനിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."