മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണമാണ് വേണ്ടത്: വി.കെ ശ്രീകണ്ഠന്‍
പട്ടാമ്പി: തൊഴിലില്ലായ്മയും വിലക്കയറ്റവും കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനലംഘനങ്ങളും നടത്തിയ ഭരണത്തെ ജനം വെറുത്തെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പട്ടാമ്പി നിയോജകമണ്ഡലത്തില്‍ നടന്ന സ്ഥാനാര്‍ഥി പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണമാണ് നമുക്ക് വേണ്ടത്. അതിനായി ഐക്യ ജനാധിപത്യമുന്നണി അധികാരത്തില്‍ വരണം. പ്രളയക്കെടുതിയില്‍ മുങ്ങിയ പറളിപ്രദേശം കാണാന്‍പോലും എത്താത്ത ജനപ്രതിനിധിയാണ് ലോക്‌സഭയിലേക്ക് കഴിഞ്ഞ 10 വര്‍ഷമായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടുതവണയും പ്രവര്‍ത്തനം തീര്‍ത്തും പരാജയമായിരുന്നു. എല്ലാവര്‍ഷവും അഞ്ചുകോടി രൂപയോളം എം.പി ഫണ്ടായി ലഭിച്ചിട്ടും പാലക്കാട് ലോക്‌സഭാമണ്ഡലത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍പോലും ഒരുക്കിയിട്ടില്ല. പോകുന്നിടത്തുനിന്നെല്ലാം പരാതികള്‍മാത്രമാണ് കേള്‍ക്കുന്നത്. 10 വര്‍ഷം പരീക്ഷിച്ച് നിരാശമാത്രം ബാക്കിയായ ജനങ്ങള്‍ മാറ്റത്തിന് തയാറാകണം. ഇതിനായി ഐക്യ ജനാധിപത്യമുന്നണിക്ക് വോട്ട് ചെയ്യണം.
തന്നെ കൂടെ നിര്‍ത്തണമെന്നും ജനങ്ങള്‍ക്കൊപ്പം താന്‍ നില്‍ക്കുമെന്നും അദ്ദേഹം സംസാരത്തില്‍ കൂട്ടിചേര്‍ത്തു. നിയോജകമണ്ഡലത്തില്‍ നടന്ന പര്യടനത്തില്‍ യു.ഡി.എഫ് മണ്ഡലം നേതാക്കളും ജില്ലാനേതാക്കളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."