വാദം നീട്ടിവയ്ക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം അംഗീകരിച്ചില്ല
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ പുനഃപരിശോധനാ ഹരജി നല്‍കുന്നതിനാല്‍ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവയ്ക്കണമെന്ന ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. വിധി പുനഃപരിശോധിക്കുകയാണെങ്കില്‍ ശിക്ഷയും പുനഃപരിശോധിച്ച് കൂടെയെന്നും എന്തിനാണ് ശിക്ഷയിലെ വാദം നീട്ടുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു.
ആദ്യ വിധി തിരുത്തിയാല്‍ പിന്നെ തിരുത്തിയ വിധിയില്‍ വിധി പറഞ്ഞുവെന്ന് വരുന്നത് ഗുണം ചെയ്യില്ലെന്ന പ്രശാന്ത് ഭൂഷണ്‍ന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഞങ്ങളോട് നീതി കാട്ടിയില്ലെങ്കിലും ഞങ്ങള്‍ നിങ്ങളോട് നീതികാട്ടുമെന്നായിരുന്നു അരുണ്‍ മിശ്രയുടെ മറുപടി. ഉടന്‍ തന്നെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചുകൂടെയെന്ന് ഈ ഘട്ടത്തില്‍ ബെഞ്ചിലെ മറ്റൊരംഗമായ ജസ്റ്റിസ് ബി.ആര്‍ ഗവായ് ചോദിച്ചു. 30 ദിവസമെടുത്താല്‍ ജസ്റ്റിസ് മിശ്ര വിരമിക്കുമെന്നും ഗവായ് സൂചിപ്പിച്ചു.
മിശ്ര വിരമിക്കാന്‍ വേണ്ടിയാണ് 30 ദിവസം ചോദിക്കുന്നതെന്ന് തോന്നലുണ്ടാക്കരുതെന്നും, പുനഃപരിശോധനാ ഹരജി 30 ദിവസത്തിനുള്ളില്‍ നല്‍കിയാല്‍ മതിയെന്നാണ് നിയമമെന്നും ദവെ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് മിശ്രയുടെ വിധിയാണ് പുനഃപരിശോധിക്കേണ്ടത്. എന്നാല്‍ അതിന് അദ്ദേഹം വിരമിക്കും മുന്‍പ് പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് പറയാന്‍ കഴിയില്ല.
പുനഃപരിശോധനാ ഹരജിയില്‍ തീരുമാനമാവും വരെ ശിക്ഷ സംബന്ധിച്ച വാദം നീട്ടിവച്ചാല്‍ ആകാശമൊന്നും ഇടിഞ്ഞു വീഴാന്‍ പോകുന്നില്ലെന്നും വിധി അതേ ബെഞ്ച് തന്നെ പുനഃപരിശോധിക്കണമെന്ന നിയമമൊന്നുമില്ലെന്നും ദവെ പറഞ്ഞു. ഈ ബെഞ്ചിന്റെ വിധി മറ്റൊരു ബെഞ്ച് പുനഃപരിശോധിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇതിന് ജസ്റ്റിസ് മിശ്രയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."