പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം ഭരണസമിതി യോഗത്തില്‍ ബഹളംവനിതാ അംഗത്തിന് പരുക്ക്
വടകര: അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം. വനിതാ അംഗത്തെ കൈയേറ്റം ചെയ്തു. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചായ വിതരണം ചെയ്തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ വാഗ്വാദത്തിനിടയില്‍ ഹാളിലേക്ക് ചായയുമായി കടന്നുവന്ന കോണ്‍ഗ്രസ് അംഗം മഹിജ തോട്ടത്തിലിനാണ് പരുക്കേറ്റത്.
കൈക്ക് ക്ഷതം സംഭവിച്ച വനിതാ അംഗത്തെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാളിലേക്ക് കടക്കുന്നതിനിടയില്‍ സി.പി.എം അംഗം പി.പി ശ്രീധരന്‍ ചായയുമായി എത്തിയ മഹിജയെ കൈ പിടിച്ച് വലിക്കുന്നതിനിടയിലാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബിന്റെ പരാമര്‍ശങ്ങളാണ് ബഹളത്തിനിടയാക്കിയത്. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഭരണസമിതിയില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നതായും സമിതി യോഗം കഴിഞ്ഞാല്‍ എല്ലാവരും ചായകുടിച്ച് സൗഹാര്‍ദത്തോടെ പിരിയുകയാണ് പതിവെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെ എല്‍.ഡി.എഫ് അംഗങ്ങള്‍ പി.പി ശ്രീധരന്റെ നേതൃത്വത്തില്‍ വളച്ചൊടിച്ചതാണ് തര്‍ക്കത്തിന് കാരണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍പറഞ്ഞു. യോഗത്തില്‍ എല്‍.ഡി.എഫിനെ താറടിക്കുന്ന തരത്തില്‍ അംഗങ്ങള്‍ വെറും ചായ കുടിച്ച് പിരിയുന്നവരാണെന്ന പ്രസിഡന്റിന്റെ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഉയരുകയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ കൂടാളി അശോകന്‍ അധ്യക്ഷനായി. പുത്തൂര്‍ അസീസ്, സി.കെ മൊയ്തു, സി. കുമാരന്‍, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. ഇ.നാരായണന്‍ നായര്‍, സി.കെ വിശ്വനാഥന്‍, സി. ബാലന്‍ പ്രസംഗിച്ചു.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് അഴിയൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പി. രാഘവന്‍, ഇ.ടി അയ്യൂബ്, കെ. അന്‍വര്‍ ഹാജി, ഒ. ബാലന്‍, വി.കെ അനില്‍കുമാര്‍, ഇസ്മായില്‍ മാളിയേക്കല്‍, കെ.പി രവീന്ദ്രന്‍ നേതൃത്വം നല്‍കി.
ആശുപത്രിയില്‍ കഴിയുന്ന മഹിജയെ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അഴിയൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."