കണ്ണുതുറന്ന് സര്‍ക്കാര്‍; യുവ ഡോക്ടര്‍മാര്‍ക്ക് ശമ്പളം രണ്ടു ദിവസത്തിനുള്ളില്‍
കല്‍പ്പറ്റ: ഒടുവില്‍ യുവ ഡോക്ടര്‍മാരുടെ ദുരിതത്തിന് നേരെ സര്‍ക്കാര്‍ കണ്ണുതുറന്നു. നിയമനം നല്‍കി മൂന്ന് മാസം കഴിഞ്ഞിട്ടും റെമ്യൂണറേഷന്‍ പോലും നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായതോടെയാണ് യുവ ഡോക്ടര്‍മാര്‍ക്ക് അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
തസ്തിക നിര്‍ണയം, അവധി, വേതനം എന്നിവയായിരുന്നു കൊവിഡ് കാലത്ത് സജീവമായി സേവന രംഗത്തുണ്ടായിരുന്ന യുവ ഡോക്ടര്‍മാരെ പ്രധാനമായും അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍. ഈ മൂന്നു വിഷയത്തിലും സര്‍ക്കാര്‍ ബുധനാഴ്ച വൈകിട്ട് ഇറക്കിയ ഉത്തരവിലൂടെ ഇടപെടല്‍ നടത്തി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് ഇന്നലെ സ്പാര്‍ക്കില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ സാധിച്ചു. ഒപ്പം തങ്ങളുടെ പ്രധാന വിഷയമായ തസ്തിക നിര്‍ണയത്തിലും പരിഹാരമായിട്ടുണ്ട്. മെഡിക്കല്‍ ഓഫിസര്‍ (ടെമ്പററി) തസ്തികയാണ് ആരോഗ്യവകുപ്പ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒപ്പം ഇവരുടെ അവധി സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി.
മാസത്തില്‍ നാല് വീക്ക്‌ലി ഓഫുകള്‍ക്ക് പുറമെ 1.5 അവധി കൂടി ഇവര്‍ക്ക് അനുവദിക്കപ്പെട്ടിട്ടുണ്ട്. തങ്ങളുടെ വേതനം വരും ദിവസങ്ങളില്‍ അക്കൗണ്ടുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് യുവ ഡോക്ടര്‍മാരുള്ളത്.
അതേസമയം കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ സേവനത്തിന് മറ്റ് ജീവനക്കാരെ പോലെ 10 ശതമാനം റിസ്‌ക് അലവന്‍സോ, ഇന്‍സെന്റീവോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇതും സര്‍ക്കാര്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്ന് അഞ്ചര വര്‍ഷത്തെ പഠനവും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞു പുറത്തിറങ്ങിയ യുവ ഡോക്ടര്‍മാര്‍.
കഴിഞ്ഞ ഏപ്രില്‍ 14ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പി.എച്ച്.സികളിലേക്ക് നിയമിക്കപ്പെട്ടവരാണ് 980 യുവ ഡോക്ടര്‍മാര്‍. റെമ്യൂണറേഷനായി 42,000 രൂപയാണ് ഇവര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്. നിയമനം പി.എച്ച്.സിയിലാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ ഈ ഡോക്ടര്‍മാര്‍ ജോലി ചെയ്തു വരുന്നത് കൊവിഡ് കെയര്‍ സെന്ററുകളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും എയര്‍പോര്‍ട്ടുകളിലും സി.എഫ്.എല്‍.ടി.സി (കൊവിഡ് ഫസ്റ്റ് ലെവല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍)കളിലുമാണ്. തങ്ങളുടെ ആരോഗ്യം പോലും വകവെക്കാതെയാണ് ഇവര്‍ സേവന നിരതരായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."