പറവൂരില്‍ വൃദ്ധയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം: മകന്‍ അറസ്റ്റില്‍
പറവൂര്‍: കെടാമംഗലത്ത് വൃദ്ധയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. കുറുപ്പശേരി സുരേഷ് (54) ആണ് അറസ്റ്റിലായത്. ഇയാളുടെ മാതാവായ കാഞ്ചനവല്ലി (72) ആണ് കൊല്ലപ്പെട്ടത്.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. പുറത്തെടുത്ത മൃതദേഹം കാഞ്ചനവല്ലിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെടാമംഗലം കുടിയാകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് കാഞ്ചനവല്ലിയുടെ വീട്. വീടിനു പിന്നിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയും മക്കളുമായി പിരിഞ്ഞുകഴിയുന്ന ഇയാള്‍ ഇടയ്ക്കിടെ മാതാവ് താമസിക്കുന്ന വീട്ടില്‍ വരുമായിരുന്നു. മാതാവുമായി വഴക്കുണ്ടാക്കുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ 18നാണ് സംഭവം നടന്നത്. സംഭവദിവസം മദ്യപിച്ചെത്തിയ ഇയാള്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാലയില്‍ പിടിച്ചുവലിച്ചെങ്കിലും കാഞ്ചനവല്ലി എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തില്‍ വീടിനു പുറത്തുകിടന്നിരുന്ന കരിങ്കല്ലെടുത്ത് തലയില്‍ അടിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായതോടെ കാഞ്ചനവല്ലിയുടെ കാതില്‍ കിടന്നിരുന്ന കമ്മലും കൈയിലുണ്ടായിരുന്ന വളയും കഴുത്തിലണിഞ്ഞിരുന്ന മാലയും സുരേഷ് ഊരിയെടുത്തു. അന്നു രാത്രി തന്നെ മൃതദേഹം വലിച്ചിഴച്ച് വീടിന് പിന്നിലുള്ള കുറ്റിക്കാട്ടില്‍ എത്തിച്ച് കുഴിച്ചിട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നതിനാല്‍ കുഴി ശരിയായി മൂടിയിരുന്നില്ല.
സ്വര്‍ണാഭരണങ്ങളില്‍ മാല മുക്കുപണ്ടമായിരുന്നു. വളയും കമ്മലും പറവൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച് 25000 രൂപ വാങ്ങി. അതില്‍ 22,000 രൂപയും പണയം വച്ച രസീതും പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. മദ്യലഹരിയിലായതിനാല്‍ എപ്പോഴാണു കൃത്യം നടത്തിയതെന്ന് ഓര്‍മയില്ലെന്നാണ് സുരേഷിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."