കടുവയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ക്ക് പരുക്ക്
സുല്‍ത്താന്‍ ബത്തേരി: കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനിലെ കരുണാകര(55)നാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. വള്ളുവാടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വച്ചാണ് കടുവ വനംവകുപ്പ് വാച്ചറെ ആക്രമിച്ചത്. പ്രദേശവാസിയായ കൃഷ്ണന്റെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രിയില്‍ കടുവ കടിച്ചു കൊന്നിരുന്നു.
ഇതറിഞ്ഞ് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വനപാലക സംഘത്തിലുണ്ടായിരുന്ന വാച്ചര്‍ കരുണാകരനും പ്രദേശവാസിയായ സുധീറും കടുവയുടെ കാല്‍പ്പാട് നോക്കി പോകുന്നതിനിടെയാണ് റോഡ് മുറിച്ചുകടന്നെത്തിയ കടുവ കരുണാകരനെ ആക്രമിച്ചത്. ഉടനെ സുധീറിന്റെ കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിച്ചതോടെ കടുവ കരുണാകരനെ വിട്ട് ഓടി മറഞ്ഞു.
ഇടതുകാലിന് സാരമായി പരുക്കേറ്റ കരുണാകരനെ ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കടുവ അടുത്ത കാലത്തായി വടക്കനാട്, വള്ളുവാടി, പഴേരി പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."