ഓളപ്പരപ്പില്‍ ഇനി ജാഗ്രതയോടെ 'സി 441'
തിരുവനന്തപുരം: തീരസംരക്ഷണ സേനക്കു വേണ്ടി പുതുതായി നിര്‍മിച്ച സി-441 എന്ന നിരീക്ഷണ കപ്പല്‍ നാളെ കമ്മിഷന്‍ ചെയ്യും.
ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തില്‍പെട്ട ഏഴാമത്തെ കപ്പലാണ് സൂറത്തിലെ എല്‍ ആന്‍ഡ് ടി ലിമിറ്റഡ് തദ്ദേശമായി നിര്‍മിച്ച സി-441. കപ്പല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ തീരസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.
രാവിലെ ഒന്‍പതരക്ക് വിഴിഞ്ഞം തുറമുഖത്ത് ചീഫ് സെക്രട്ടറി ടോം ജോസ് കപ്പല്‍ കമ്മിഷന്‍ ചെയ്യും. 27.8 മീറ്റര്‍ നീളവും 106 ടണ്‍ സംവഹന ശേഷിയുമുള്ള കപ്പലിന്റെ പരമാവധി വേഗത 45 നോട്ടിക്കല്‍ മൈലാണ് (83 കി.മീ മണിക്കൂര്‍).
കേരള തീരമേഖലയിലായിരിക്കും ഈ കപ്പലിന്റെ പ്രവര്‍ത്തനം. രണ്ട് ഡീസല്‍ എന്‍ജിനും രണ്ട് വാട്ടര്‍ ജെറ്റ് പ്രൊപ്പല്‍ഷനോടും കൂടിയ ഈ കപ്പല്‍ ആഴം കുറഞ്ഞ മേഖലകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
ഉള്‍ക്കടലില്‍ അപകടത്തില്‍പെടുന്ന ബോട്ടുകളെയും ചെറുതോണികളെയും രക്ഷപ്പെടുത്താനും കടലില്‍ നിരീക്ഷണം നടത്താനും തീരക്കടലിലും ഉള്‍ക്കടലിലും യഥേഷ്ടം സഞ്ചരിക്കാനും ആധുനിക നിരീക്ഷണ സംവിധാനങ്ങളും വാര്‍ത്താവിനിമയ സൗകര്യങ്ങളും വിവിധ തരം യന്ത്രത്തോക്കുകളുമുള്ള ഈ കപ്പലിന് സാധിക്കും. ഒരു ഓഫിസറും 13 സേനാംഗങ്ങളുമാണുള്ളത്. കമ്മിഷന്‍ ചടങ്ങില്‍ തീരസംരക്ഷണ സേനയുടെ പശ്ചിമ മേഖലാ കമാന്‍ഡറായ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ്.ഡി.ചഫീക്കര്‍ സേനാ വിഭാഗങ്ങളിലെയും കേന്ദ്ര-സംസ്ഥാന സര്‍വിസിലെയും മുതിര്‍ന്ന ഓഫിസര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."