പെരുന്താറ്റില്‍ ആര്.എസ്.എസ് സേവാകേന്ദ്രം ആക്രമിച്ചു
തലശ്ശേരി: ആര്.എസ്.എസ് നേതൃത്വത്തില്‍ നിര്‍മിച്ച സേവാലയം ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസം രാവിലെ മുഖംമൂടി സംഘം അടിച്ച് തകര്‍ത്തു. എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റില്‍ നിര്‍മിച്ച കേശവ സ്മൃതി സേവാലയമാണ് തിങ്കളാഴ്ച രാവിലെ 6.40ഓടെ ആക്രമിക്കപ്പെട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പെരുന്താറ്റില്‍ തിങ്കളാഴ്ച ഹര്‍ത്താലാചരിച്ചു. തോട്ടുമ്മലിലെ സി.പി.എം നിയന്ത്രണത്തിലുള്ള നായനാര്‍ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഒരു സംഘം ആക്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
ഞായറാഴ്ചയായിരുന്നു സേവാലയത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനത്തിന് ശേഷം ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരായ നാട്ടുകാര്‍ ഇവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും സേവാലയത്തില്‍ ഇരിക്കുന്നതിനിടെ മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ സംഘം കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ഓഫിസനകത്തെ കംപ്യൂട്ടര്‍, കസേര, മേശ, അലമാര എന്നിവ തകര്‍ക്കുകയായിരുന്നു. ഫോട്ടോകളും എറിഞ്ഞ് തകര്‍ത്തു. ചുവരുകളില്‍ ചുവന്ന പെയിന്റടിച്ച് വികൃതമാക്കി.
സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ബി.ജെ.പി- ആര്.എസ്.എസ് നേതാക്കള്‍ പരാതിപ്പെട്ടു. തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍, ധര്‍മ്മടം എസ്.ഐ നളിനാക്ഷന് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ആര്.എസ്.എസ് നേതാക്കളായ കെ. ഗോപാലന്‍കുട്ടി, എ. വിനോദ്, വി.കെ സജീവന്, പി. സത്യപ്രകാശ് തുടങ്ങിയവര്‍ അക്രമം നടന്ന സേവാലയം സന്ദര്‍ശിച്ചു. സേവാലയം തകര്‍ത്ത സംഭവത്തില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ധര്‍മ്മടം പൊലിസ് കേസെടുത്തു. സി.പി.എം നിയന്ത്രണത്തിലുള്ള തോട്ടുമ്മലിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ ഒന്‍പതു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പൊലിസും കേസെടുത്തു.
അതിനിടെ പൊന്ന്യം മൂന്നാംമൈലില്‍ നിന്നു ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് പൊലിസ് പിടിച്ചെടുത്തു. കുണ്ടുചിറ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് കതിരൂര്‍ എസ്.ഐ രാംദാസും സംഘവും ബോംബ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."