ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി
ബിഷ്‌കെക്: കിര്‍ഗിസ്ഥാനില്‍ ഉന്നത സൈനിക പദവി നേടിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിന്റെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് അല്‍മസ് ബെക് അതംബയേവ് പുറത്തിറക്കിയ സര്‍ക്കുലറും പുറത്തുവന്നു. കിര്‍ഗിസ്ഥാന്‍ സര്‍ക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാള്‍ എന്ന് അവകാശപ്പെട്ടാണ് കോഴിക്കോട് എരവന്നൂര്‍ സ്വദേശിയായ മുഹമ്മദ് റഫീഖ് പ്രവര്‍ത്തിച്ചിരുന്നത്. ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റഫീഖിന്റെ പൗരത്വം റദ്ദാക്കിയ വാര്‍ത്ത സഊദിയിലെ കിര്‍ഗിസ്ഥാന്‍ അംബാസഡര്‍ അബ്ദുല്ലത്തീഫ് ജുമാബേവും സ്ഥിരീകരിച്ചു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സഊദിയിലെ ഒരു വനിതയും ഇന്ത്യന്‍ വ്യവസായിയും ഇയാള്‍ക്കെതിരേ കഴിഞ്ഞ മാര്‍ച്ചില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതും തുടര്‍ന്ന് നടപടി സ്വീകരിച്ചതുമെന്ന് അംബാസഡര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിര്‍ഗിസ്ഥാന്‍ പാസ്‌പോര്‍ട്ട് ഉണ്ടെന്നല്ലാതെ ഇയാള്‍ക്ക് സര്‍ക്കാരുമായോ, സൈന്യവുമായോ ബന്ധമില്ലെന്നും കഴിഞ്ഞ മാസം 15 നാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയതെന്നും അംബാസഡര്‍ വിശദീകരിച്ചു.
കഴിഞ്ഞ ജനുവരി ആദ്യത്തിലാണ് ശൈഖ് റഫീഖിന്റെ നേട്ടത്തെ കുറിച്ച് മലയാളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പിന്നീട് സൈനിക പദവി ലഭിച്ച വാര്‍ത്ത നിഷേധിച്ച് കിര്‍ഗിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിശദീകരണം ഇറക്കി. മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നത്തിന് കാരണമെന്ന് റഫീഖ് വിശദീകരിച്ചെങ്കിലും ഇതു തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
വ്യാജപട്ടാള യൂനിഫോമാണ് ഇദ്ദേഹം ധരിച്ചതെന്നും മുന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കിര്‍ഗിസ്ഥാന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."