സ്കൂളുകളിലേക്ക് 1.5 ലക്ഷം തൈകള്‍ വിതരണത്തിനൊരുങ്ങുന്നു
മഞ്ചേരി: ജില്ലയില്‍ വനംവകുപ്പിനു കീഴില്‍ വനവല്ക്കരണത്തിന്റെ ഭാഗമായി സ്കൂളുകളിലേക്കു തൈകള്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മാസം 26 മുതല്‍ തൈകളുടെ വിതരണം തുടങ്ങും.
ഒന്നര ലക്ഷം തൈകളാണ് ഇത്തവണ വിതരണത്തിനൊരുങ്ങുന്നത്. പരിസ്ഥിതി ദിനത്തില്‍ ജില്ലയിലാകെ തൈകള്‍ നടുന്നതിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ട്. സ്കൂളുകളിലേക്കുള്ള തൈകളുടെ വിതരണം പരിസ്ഥിതി ദിനത്തിനു മുന്‍പായി പൂര്‍ത്തീകരിക്കാനാണ് സാമൂഹിക വനംവകുപ്പ് ഉദ്ദേശിക്കുന്നത്.
പ്രധാനമായും കണികൊന്ന, ഉങ്ങ്, മഹാഗണി, നെല്ലി, വേപ്പ്, സീതാപഴം തുടങ്ങി ഇരുപതിനം തൈകളായിരിക്കും വിതരണം ചെയ്യുക. പരിസ്ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാര്‍ഥികളില്‍ പരിസ്ഥിതിബോധം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ മലപ്പുറം, മുണ്ടുപറമ്പ്, നിലമ്പൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് തൈകളുടെ ഉല്പാദനം നടക്കുന്നത്. തൈകളുടെ ഉല്പാദനം പൂര്‍ത്തീകരിച്ചുവരുന്നതായി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ അപേക്ഷ നല്കിയ ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്കും തൈകള്‍ വിതരണം ചെയ്യും. ചെറിയ തൈക്കു 17 രൂപ നിരക്കിലും വലിയ തൈക്ക് 45 രൂപ നിരക്കിലുമാണ് വില ഈടാക്കുന്നത്. അതേസമയം, സാമൂഹ്യ വനവല്ക്കരണത്തിന്റെ ഭാഗമായി നട്ട തൈകള്‍ നശിക്കുന്നതു തടയാന്‍ പദ്ധതി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."