കാത്തിരുന്നിട്ടും മഴയെത്തിയില്ല; കര്‍ഷകര്‍ ആശങ്കയില്‍
ചങ്ങരംകുളം: വിഷുകഴിഞ്ഞാല്‍ വേനലില്ലെന്നാണു പഴഞ്ചൊല്ല്. എന്നാല്‍ ഇത്തവണ വിഷുവും മേടം പാതിയും കഴിഞ്ഞും വേനല്‍ നീളുകയാണ്.
മഴ വൈകുന്നതു കര്‍ഷക ഗ്രാമത്തെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. വിഷുവിനും രണ്ടുമാസം മുന്‍പേ കണിക്കൊന്ന പൂത്തുലഞ്ഞപ്പോള്‍ വരാനിരിക്കുന്ന വേനലിന്റെ കാഠിന്യത്തെക്കുറിച്ചായിരുന്നു അന്നു കര്‍ഷകര്‍ക്ക് പറയാനുണ്ടായിരുന്നത്. കണിക്കൊന്ന കൊഴിയുന്നതോടെ മഴയും എത്തുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇത്തവണ വിഷു കടന്നു പോയതറിയാതെ കണിക്കൊന്ന വീണ്ടും പൂക്കുന്നതാണ് മഴയുടെ വരവ് വൈകുമോയെന്നു കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്.
കുംഭത്തിലൊരു മഴ പതിവുള്ളതാണ്. കാര്‍ഷികവൃത്തിക്ക് ഈ മഴ അനുഗ്രഹവുമാണ്. എന്നാല്‍ കരിഞ്ഞുണങ്ങിയിട്ടും താല്‍ക്കാലിക സംവിധാനത്തോടെ വെള്ളം എത്തിച്ച മുണ്ടകന്‍ നെല്‍കൃഷിയുടെ കൊയ്ത്ത് വൈകിയതിനാല്‍ ഇതിനിടെ പെയ്ത മഴ ചിലയിടങ്ങളില്‍ കര്‍ഷകരെ ചതിച്ചു.
മാത്രമല്ല, മീനം കഴിഞ്ഞ് മേടത്തില്‍ വിഷുവിന് മുന്‍പായി നെല്‍കൃഷിക്കും ഓണക്കാലത്തേക്കുള്ള പച്ചക്കറി കൃഷിക്കും ഒരുക്കങ്ങള്‍ നടത്തുക പതിവുണ്ട്. അതും ഇത്തവണ സാധ്യമാവില്ല. ചൂടിനു തെല്ലും കുറവ് വരാത്തതിനാല്‍ കൃഷിയിടങ്ങളെല്ലാം വരണ്ടുണങ്ങി മണ്ണുറച്ചു.
യന്ത്ര സംവിധാനത്തോടെ പോലും നിലം പൂട്ടാനും മറ്റും പറ്റാത്ത അവസ്ഥയാണ്. കനത്ത ചൂട് കാരണം തൊഴിലാളികള്‍ക്കും കൃഷിയിടങ്ങളിലേക്ക് ഇറങ്ങാനാകുന്നില്ല.
മഴ ഇനിയും എത്താഞ്ഞതിനാല്‍ പാടശേഖരങ്ങള്‍ ഏറെയും തരിശ് ഇട്ടിരിക്കയാണ്. തോടും കുളങ്ങളും വറ്റിയതിനാല്‍ കൃഷിക്ക് വെള്ളമെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."