ബാക്കിക്കയം റഗുലേറ്റര്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു
വേങ്ങര: പത്തു പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ദാഹജലത്തിനും നിരവധി കാര്‍ഷിക കുടിവെളള പദ്ധതികള്‍ക്കും സഹായകമാവുന്ന കടലുണ്ടിപ്പുഴയിലെ വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്. ഏഴു കോണ്‍ക്രീറ്റ് പില്ലറുകളില്‍ ഒന്ന്് ഭാഗികമായും ബാക്കിയുളളവ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. പുഴയ്ക്ക് ഇരു വശങ്ങളിലെ സംരക്ഷണ ഭിത്തി, ഇരുമ്പ് ഷട്ടര്‍ നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കുന്നതിന് രാപകല്‍ ജോലി തുടരുകയാണ്. കാലവര്‍ഷം തുടങ്ങും മുന്‍േപ കമ്മീഷന്‍ ചെയ്യാനാണു പദ്ധതി.
ഇരുവശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ പ്രവൃത്തിയും ഇപ്പോള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഷട്ടറിന്റെ കിഴക്കു ഭാഗം 250 മീറ്ററും പടിഞ്ഞാറ് വശം 100 മീറ്റര്‍ നീളത്തിലും കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സംരക്ഷിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന അളവില്‍ നിന്ന് എട്ടു മീറ്ററോളം ആഴത്തില്‍ പാറഭാഗം വരെ പൈലിങ് എടുക്കേണ്ടി വന്നതാണ് കാലതാമസത്തിനു കാരണമെന്ന് കരാറുകാര്‍ പറഞ്ഞു.
70 മീറ്റര്‍ വീതിയും 4.6 മീറ്റര്‍ ഉയരവുമാണ് റഗുലേറ്ററിനുള്ളത്. 12 മീറ്ററില്‍ നീളമുളള നാലും 6 മീറ്ററില്‍ നീളമുളള രണ്ടും ഷട്ടറുകളുമാണ് നിര്‍മിച്ചിട്ടുളളത്. പദ്ധതി പൂര്‍ത്തിയാകുതോടെ പുഴയില്‍ 10 കിലോമീറ്റര്‍ ദൂരത്തോളം ജലം കെട്ടി നിര്‍ത്താനാവും. വേങ്ങര, പറപ്പൂര്‍, എടരിക്കോട്, തെന്നല, ഒഴൂര്‍, ഊരകം, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലെയും കോട്ടക്കല്‍, തിരൂരങ്ങാടി നഗരസഭകളിലെയും വിവിധ ജല പദ്ധതികള്‍ക്കും കാര്‍ഷിക ജലസേചനത്തിനും പദ്ധതി ഏറെ സഹായകമാവുമെന്നാണ് നാട്ടുകാരുടെയും അധികൃതരുടെയും പ്രതീക്ഷ.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അവസാന അത്താണിയാണ് ബാക്കിക്കയം പദ്ധതി. കോടിക്കണക്കിന് രൂപ ചെലവിട്ട് ആവിഷ്‌കരിച്ച കണ്ണമംഗലം, ഊരകം-വേങ്ങര കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ലക്ഷ്യമിട്ട കല്ലക്കയം പ്രദേശത്ത് വെള്ളം ലഭ്യമല്ലാത്ത പ്രതിസന്ധിക്കും ബാക്കിക്കയം റഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."