കൊച്ചി മെട്രോ: സുരക്ഷാ പരിശോധന പൂര്‍ത്തിയായി
കൊച്ചി: സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ഓടിക്കുന്നതിനായുള്ള അവസാന പരിശോധനയിലും പച്ച സിഗ്നല്‍. റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ കെ.എ മനോഹരന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിമെട്രോയുടെ നിര്‍മാണവും അനുബന്ധ സൗകര്യങ്ങളും മൂന്ന് ദിവസമെടുത്ത് പരിശോധിച്ചശേഷമാണ് സംതൃപ്തി രേഖപ്പെടുത്തിയത്. തിങ്കളാഴ്ച സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കൈമാറുമെന്ന് സേഫ്റ്റി കമ്മിഷണര്‍ വ്യക്തമാക്കി. സിഗ്നലിങ് സംവിധാനത്തിലും യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളിലും ചെറിയ പോരായ്മകളുണ്ടെങ്കിലും ഇവയൊക്കെ ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന കെ.എം.ആര്‍.എല്ലിന്റെ ഉറപ്പ് വിശ്വാസത്തിലെടുത്താണ് തിങ്കളാഴ്ച സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കൈമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ പ്രവേശിക്കുന്ന കവാടം, എസ്‌കലേറ്റര്‍, ലിഫ്റ്റ്, ദിശാസൂചകങ്ങള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ടിക്കറ്റ് ഓഫിസ്, കസ്റ്റമര്‍ കെയര്‍, സിഗ്നല്‍ സംവിധാനം, ട്രാക്കിന്റെ ഗുണനിലവാരം തുടങ്ങിയവ സംഘം വിലയിരുത്തി. മെട്രോ ട്രെയിനില്‍ യാത്ര നടത്തിയായിരുന്നു പാളത്തിന്റെ പരിശോധന. കൊച്ചി മെട്രോയുടെ ട്രാക്ക് മികച്ചതാണെന്നാണ് പരിശോധനാ സംഘത്തിന്റെ വിലയിരുത്തല്‍. സുരക്ഷാ കാര്യങ്ങളിലും തൃപ്തി അറിയിച്ചു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷനുകള്‍ക്ക് തീം നല്‍കിയത് മികച്ചതാണെന്ന് സേഫ്റ്റി കമ്മിഷണര്‍ പറഞ്ഞു. രാജ്യത്താദ്യമായി കൊച്ചി മെട്രോയില്‍ പരീക്ഷിക്കുന്ന കമ്യൂണിക്കേഷന്‍ ബേസ്ഡ് സിഗ്നലിങ് സംവിധാനത്തിലെ ചില പോരായ്മകളാണ് സംഘം പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഒപ്പം സ്റ്റേഷനുകളിലെ അനൗണ്‍സ്‌മെന്റ് സിസ്റ്റത്തിലും അപാകതയുള്ളതായും സംഘം കണ്ടെത്തി. പാലാരിവട്ടം സ്റ്റേഷനിലെ അനൗണ്‍സ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ കേട്ടത് 'പല്ലരിവെട്ടം' എന്നാണ്. സോഫ്റ്റ് വെയറില്‍ ശബ്ദം ക്രമീകരിച്ചതിലുള്ള പിഴവാണിതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കാമെന്നും കെ.എം.ആര്‍.എല്‍ പറഞ്ഞു. എല്ലാ സ്റ്റേഷനുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ കാമറകള്‍ സ്ഥാപിക്കാമെന്നും മെട്രോ അധികൃതര്‍ ഉറപ്പ് നല്‍കി. ആദ്യദിവസം ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം സ്റ്റേഷനുകളിലും രണ്ടാംദിവസം മുട്ടം, കളമശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴപാര്‍ക്ക് വരെയുള്ള സ്റ്റേഷനുകളിലുമായിരുന്നു പരിശോധന. ഇന്നലെ ചങ്ങമ്പുഴ പാര്‍ക്ക് തുടങ്ങി പാലാരിവട്ടം വരെയുള്ള സ്‌റ്റേഷനുകളിലും മുട്ടം യാര്‍ഡിലും സംഘം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."