വൃദ്ധദമ്പതികള്‍ കഴിയുന്നത് ജീവന്‍ പണയം വച്ച്:ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചതുമില്ല; താല്‍ക്കാലിക വീട് അപകടാവസ്ഥയിലും
മാനന്തവാടി: അര്‍ഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിലുള്‍പ്പെടാതെ പോയ വൃദ്ധദമ്പതികളുടെ ഒറ്റമുറി വീട് കാലവര്‍ഷത്തില്‍ ഇടിഞ്ഞു. എടവക പുലിക്കാട് കുറ്റിയാട്ട് കുന്നില്‍ താമസിക്കുന്ന അത്തിലന്‍ അബ്ദുറഹ്മാന്റെ വീടാണ് കാലവര്‍ഷത്തില്‍ വിള്ളല്‍ വീണ് താമസയോഗ്യമല്ലാതായത്.
എടവക പഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ ഭവന രഹിതരുടെ പട്ടികയില്‍ ആറാം സ്ഥാനത്തായിരുന്നു ഇയാളുടെ പേരുണ്ടായിരുന്നത്. എന്നാല്‍ ലൈഫ് ഭവന പദ്ധതി പ്രാകാരം അപേക്ഷ നല്‍കേണ്ട സമയത്ത് അബ്ദുറഹ്മാന്‍ കിഡ്‌നി രോഗ ചികിത്സയിലായതിനാല്‍ യഥാസമയം അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പരിസരവാസികളില്‍ ചിലര്‍ തെറ്റായ വിവരം നല്‍കിയതിനാല്‍ പദ്ധതിയില്‍ പരിഗണിച്ചില്ലെന്ന് അബ്ദുറഹ്മാന്‍ പറയുന്നു.
10 സെന്റ് ഭൂമിയില്‍ സിമന്റ് ഷീറ്റും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മിച്ച ഒറ്റമുറി വീട്ടിലാണ് ഇയാളും ഭാര്യയും താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ വീടിന്റെ പച്ചക്കട്ട ചുമര്‍ ഒരു ഭാഗത്തേക്ക് ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. വെള്ളം കയറിവീടിനുള്ളിലെത്തുന്നതിന് പുറമെ ചോര്‍ച്ചയും കൂടി ആയപ്പോള്‍ വീടിനുള്ളല്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ മാറിത്താമസിക്കാനിടമില്ലാത്തതിനാല്‍ ജീവന്‍ പണയം വച്ച് ഇവര്‍ ഇപ്പോഴും താമസം തുടരുകയാണ്.
കിഡ്‌നി രോഗികൂടിയായ ഇയാള്‍ക്ക് വീട് നിര്‍മിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ നിര്‍ദേശം നല്‍കിയരുന്നെങ്കിലും ഇത് വരെയും നടപ്പിലാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."