സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലിസ്റ്റില്‍ വ്യാപക പിഴവ്
കൊടുവള്ളി: ജീവിച്ചിരിക്കുന്ന ആളെ മരിപ്പിച്ചും വാഹനമില്ലാത്ത ആളെ വാഹന ഉടമയാക്കിയും സാമൂഹ്യക്ഷേമ വകുപ്പ്. പെന്‍ഷന്‍ ഉപഭോക്താക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നാണ് അര്‍ഹരായ നിരവധിപേര്‍ പുറത്തായത്.
വര്‍ഷങ്ങളായി വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷനുകള്‍ ലഭിച്ചിരുന്നവരെയാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് പട്ടികക്ക് പുറത്താക്കിയത്.
ജീവിച്ചിരിക്കുന്ന പലര്‍ക്കും പെന്‍ഷന്‍ മുടങ്ങിയത് മൂലം പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫിസുകളില്‍ ചെന്നപ്പോള്‍ തങ്ങളെ മരിച്ചതായി കണക്കാക്കിയ വിവരമാണ് ലഭിച്ചത്.
യാതൊരു വരുമാനവുമില്ലാതെ മരുന്നിനുപോലും പാടുപെടുന്നവരെ ആഡംബര വാഹനങ്ങളുടെ ഉടമകളാക്കിയാണ് പെന്‍ഷന്‍ നിഷേധിച്ചത്.
വികലാംഗരെപ്പോലും പട്ടികക്ക് പുറത്താക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ മാത്രം മൂന്നൂറിലധികം പേരാണ് പട്ടികക്ക് പുറത്തായത്. സമീപ പഞ്ചായത്തുകളായ കിഴക്കോത്തും മടവൂരും നൂറുകണക്കിന് ഗുണഭോക്താക്കള്‍ പുറത്തായി.
പെരുന്നാള്‍,ഓണം ആഘോഷങ്ങള്‍ക്കിടെ ഏക ആശ്രയമായിരുന്ന പെന്‍ഷന്‍ മുടങ്ങിയത് വയോധികരേയും വികലാംഗരേയും വിധവകളേയും ഏറെ വലക്കുന്നുണ്ട്.
പെന്‍ഷന്‍ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തിയ പഠനത്തിലെ അശാസ്ത്രീയതയാണ് പിഴവ് സംഭവിക്കാനിടയാക്കിയത് എന്നാണ് സൂചന.എന്നാല്‍ പഠനം നടത്തിയ ഏജന്‍സിയെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പോലും വ്യക്തമായ വിവരമില്ലെന്നാണ് വസ്തുത.
ഇല്ലാത്ത കാരണം പറഞ്ഞ് അര്‍ഹരായ ഗുണഭോക്താക്കളുടെ പെന്‍ഷന്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടി അടിയന്തിരമായി പുനപരിശോധിക്കണമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മന്‍സ് ചേംബര്‍ പ്രസിഡന്റ് എ.പി മജീദ് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."