ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തില്‍ കുന്നുകര ഗ്രാമപഞ്ചായത്ത്
നെടുമ്പാശ്ശേരി: അപ്രതീക്ഷിതമായി പ്രളയം തകര്‍ത്തെറിഞ്ഞ കുന്നുകര ഗ്രാമപഞ്ചായത്തില്‍ ജനങ്ങള്‍ ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടം തുടങ്ങി. ഏതാനും ചില കുന്നിന്‍ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ പഞ്ചായത്തിലെ 90 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. പഞ്ചായത്തിന്റെ വടക്കന്‍ മേഖലയായ കുത്തിയതോട് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. നാല് ദിവസത്തോളമാണ് ഈ മേഖല ഒറ്റപ്പെട്ടു പോയത്. ചാലക്കുടിയാറിലെ ശക്തമായ ഒഴുക്ക് മൂലം ചെറുവഞ്ചികളില്‍ ഇവിടെക്ക് എത്തിപ്പെടാനും കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് ഇടിഞ്ഞു വീണ് ആറ് പേര്‍ മരണമടഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ തൊട്ടടുത്ത പ്രദേശത്ത് പോലും എത്തുന്നത് മൂന്നാം ദിവസമാണ്.
തെക്കെ അടുവാശ്ശേരി, മലായിക്കുന്ന്, കോവാട്, കുറ്റിപ്പുഴ, വടക്കേ അടുവാശ്ശേരി, വയല്‍കര, ചെറിയ തേയ്ക്കാനം, കുന്നുകര, ചാലാക്കല്‍, അയിരൂര്‍, ആറ്റുപുറം, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. വെള്ളം ഏതാണ്ട് പൂര്‍ണ്ണമായും ഇറങ്ങിയ ശേഷവും ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ദയനീയ കാഴ്ച്ചകളാണ് കാണാന്‍ കഴിയുന്നത്.വീട്ടില്‍ തിരികെയെത്തിയ പലരും എല്ലാം നഷ്ടപ്പെട്ട് നെഞ്ച് തകരുന്ന അവസ്ഥയിലാണ്. പലയിടത്തും വീട് വൃത്തിയിക്കുന്നതിന്റെ ഭാഗമായി വെള്ളത്തില്‍ മുങ്ങിപ്പോയ വീട്ടുപകരണങ്ങളും മറ്റും മുറ്റത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വിലപ്പെട്ട രേഖകള്‍ പോലും വെള്ളത്തില്‍ മുങ്ങി നഷ്ടപ്പെട്ടവരും നിരവധിയാണ്. വെള്ളമിറങ്ങിയതോടെ വീടിനകത്ത് അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുകയാണ് എല്ലാവരുടെയും ആദ്യ ജോലി.
കാര്‍ഷിക മേഖലയിലും വന്‍നാശമാണ് സംഭവിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള ഏക്കറ്കണക്കിന് കൃഷികളാണ് പ്രളയം കവര്‍ന്നെടുത്തത്.ഇതോടെ ജില്ലയിലെ ഏറ്റവും പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നാണ് ഇല്ലാതായത്.കഴിഞ്ഞ 15 നും 16 നുമായി ആരംഭിച്ച പല ദുരിതാശ്വാസ ക്യാംപുകളും ഇപ്പോഴും തുടരുകയാണ്.വീടുകള്‍ ഭാഗികമായി വൃത്തിയാക്കിയവര്‍ക്ക് പോലും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല.
ശക്തമായ പ്രളയത്തില്‍ അകപ്പെട്ട കിണറുകളില്‍ ചെളി അടിഞ്ഞുകൂടിയിരിക്കുന്നത് മൂലം പല പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമല്ലാത്തതാണ് വീടുകളിലേക്ക് മടങ്ങാന്‍ പ്രധാനമായും തടസ്സമാകുന്നത്.ഈ സാഹചര്യത്തില്‍ ജനജീവിതം സാധാരണ നിലയിലേക്കെത്താന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."