കടലിന്റെ മക്കളാണ് ഞങ്ങളുടെ രക്ഷകരെന്ന് ക്യാംപ് അംഗങ്ങള്‍
ചെങ്ങന്നൂര്‍: കൊല്ലത്തുനിന്നും വന്ന മത്സ്യത്തൊഴിലാളികളാണ് ഞങ്ങളെഇവിടെയത്തിച്ചത്. ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍. ട്രോളിങ് പോലുള്ള ക്ഷാമകാലത്ത് ഇനി അവരെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ശ്രീലേഖയും രമ്യയും സുജയും ഇതു പറയുമ്പോള്‍ കുടെയുള്ളവര്‍ ഇത് അടിവരയിടുന്നു.
തങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് സങ്കടങ്ങള്‍ എണ്ണിയെണ്ണി പറയുമ്പോഴും കടലിന്റെ മക്കളുടെ മഹാത്മ്യം വിശദീകരിക്കാന്‍ അവര്‍ മറന്നില്ല. വെള്ളം പൊങ്ങി പൊങ്ങി വരവെ ആദ്യം കട്ടിലിന്റെ മുകളിലും പിന്നെ അതിനു മുകളിലായിട്ട് മേശയിലുമായി നിര്‍ത്തിയാണ് വീട്ടിലെ പുരുഷന്മാര്‍ തങ്ങളെ കാത്തത്. ഒടുവില്‍ വെള്ളം വന്നു കഴുത്തറ്റം നില്‍ക്കുന്ന വേളയിലാണ് രക്ഷകരെത്തിയത്. ഒരു ദിവസം കൂടി ആ നില്പ് തുടര്‍ന്നിരുന്നെങ്കില്‍ തങ്ങളാരും ഈ ഭൂമിയില്‍ അവശേഷിക്കുകയില്ലായിരുന്നെന്ന് ശ്രീലേഖ സാക്ഷ്യപ്പെടുത്തുന്നു.വെള്ളമുയര്‍ന്ന് ഒരു ഗതിയുമില്ലാതെ നില്‍ക്കുമ്പോഴാണ് പുരുഷന്മാര്‍ ടെറസിന് മുകളിലേക്ക് മാറ്റിയത്.
മൂന്നു ദിവസം നരകയാതനയായിരുന്നു. ഒടുവില്‍ നേവിയെത്തും മുന്നെ തങ്ങളെ ആശ്വാസ തീരത്ത് എത്തിച്ചത് മത്സ്യതൊഴിലാളികളായിരുന്നുവെന്ന് മുണ്ടകന്‍ കാവ് സ്വദേശി സുജ പറയുന്നു. 45 പേരാണ് സുജയുടെ വീടിന് മുകളില്‍ ഇത്തരത്തില്‍ നൂല്‍പാലത്തില്‍ മൂന്നുദിവസം കഴിച്ചുകൂട്ടിയത്.രക്ഷകരായെത്തിയ മത്സ്യതൊഴിലാളികളുടെ സേവനം ഓര്‍മിക്കുമ്പോള്‍ കൈ കൂപ്പിയാണ് ഓരോരുത്തരും നന്ദി അറിയിക്കുന്നത്. ഊരും പേരും അറിയാത്ത ഞങ്ങളെ രക്ഷിക്കാനെത്തിയ ദൈവദൂതരായി ചിലരവരെ വിശേഷിപ്പിച്ചു.
ഒടുവില്‍ സ്‌നേഹസമ്മാനവുമായി നല്‍കിയ പണവും ദുരിതബാധിതര്‍ക്കായി ചെലവഴിക്കാന്‍ പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വിശാലമനസ്‌കത വിശദീകരിക്കുമ്പോള്‍ ദുരിതബാധിതര്‍ക്ക് നൂറുനാവായിരുന്നു. തങ്ങളിന്നു ജീവിക്കുന്നുവെങ്കില്‍ അതിനു കാരണം ആ മത്സ്യത്തൊഴിലാളികളാണ്. ഇനി അവരുടെ ദുരിതാകാലങ്ങളില്‍ തങ്ങളും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ദൃഡനിശ്ചയം ചെയ്തു.
വീടും സര്‍വ്വവും നഷ്ടപ്പെട്ടെങ്കിലും ക്യാംപില്‍ പരമസുഖമാണെന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്കാ ഉറപ്പില്‍ വിശ്വാസമുണ്ട്. രണ്ടു നിലകളിലായി ആയിരത്തോളം പേരുണ്ടിവിടെ. പുറത്തു നിന്ന് വരുന്ന സഹായങ്ങള്‍ പലപ്പോഴും മുകളിലെ നിലയിലുള്ളവര്‍ക്ക് കിട്ടാതെ പോകുന്നതില്‍ ഇവര്‍ക്ക് ദുഖമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."