നിശബ്ദ പ്രചാരണ ദിനത്തിലും സജീവമായി സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: നിശബ്ദ പ്രചാരണത്തിന്റെ ദിനത്തില്‍ തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും സ്ഥാനാര്‍ഥികള്‍ സമയം ചെലവഴിച്ചത് വിവാഹങ്ങളിലും ആരാധനാലയങ്ങളിലും. അവസാന ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷവും എല്ലാ സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി സി.ദിവാകരനും എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും വിവാഹസല്‍കാരങ്ങളില്‍ രാവിലെ പങ്കെടുത്തപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂര്‍ പട്ടികജാതി കോളനികള്‍ സന്ദര്‍ശിച്ച് വോട്ടുകള്‍ ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. തുലാഭാര ത്രാസ് പൊട്ടിവീണു പരുക്കേറ്റ് ചികിത്സയിലായിരിക്കുമ്പോള്‍ കാണാന്‍ കഴിയാത്തവരെ നേരിട്ടു കാണാനും മണ്ഡലത്തിനു പുറത്തുള്ള വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാനും അദ്ദേഹം സമയം കണ്ടെത്തി. ഉച്ച വിശ്രമത്തിന് ശേഷം മതമേലധ്യക്ഷന്മാരെ നേരില്‍ കണ്ടും ശശി തരൂര്‍ സഹായം തേടി. രാത്രി ശാസ്തമംഗലത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി നേതാക്കളും ബൂത്തുകളിലെ പ്രധാന പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
ഇടതുമുന്നണി സ്ഥാനാര്‍ഥി സി. ദിവാകരന് രാവിലെ കന്യാസ്ത്രീ മഠങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. മഠങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകളെ നേരില്‍ കണ്ട് സ്ഥാനാര്‍ഥി വോട്ട് തേടി. തുടര്‍ന്നു കെ.പി.എം.എസിന്റെ വേളിയിലെ സ്മരാകം അദ്ദേഹം സന്ദര്‍ശിച്ചു. വൈകുന്നേരം എയര്‍പോര്‍ട്ട് സമരപ്പന്തല്‍ സന്ദര്‍ശിച്ചു. രാവിലെ പത്തിനു വേളി റെയില്‍വേ സ്റ്റേഷനിലെത്തിയ ദിവാകരന് അവിടെ നിന്ന യാത്രക്കാരോടു കുശലം പറയുകയും സ്റ്റേഷനിലെ ബുദ്ധിമുട്ടുകളെ സംബന്ധിച്ചു അവരോടു ചോദിച്ചറിയുകയും ചെയ്തു. രാത്രി സ്റ്റാച്യുവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ഇടതു നേതാക്കളുമായി കൂടിക്കാഴ്ച. എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് ഇന്നലെ രാവിലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി വോട്ടര്‍മാരെ കണ്ടു. അരമണിക്കൂറോളം അവിടെ ചിലവഴിച്ച അദ്ദേഹം പിന്നീട് മ്യൂസിയത്തും കനകക്കുന്നിലും എത്തി. കനകക്കുന്നിലെത്തിയപ്പോള്‍ അവിടെ നടന്ന ബാഡ്മിന്റണ്‍ കളിയിലും പങ്കാളിയായി. വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലും നേമത്തും മൂന്നു വിവാഹങ്ങളില്‍ പങ്കെടുത്തു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികളും ഇന്നലെ തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് രാവിലെ മുതല്‍ ഉച്ചവരെ കിളിമാനൂര്‍, കാട്ടാക്കട, വെഞ്ഞാറമൂട് എന്നീ സ്ഥലങ്ങളില്‍ കല്യാണങ്ങളില്‍ പങ്കെടുത്തു. ഉച്ചയ്ക്കു വിശ്രമത്തിനു ശേഷം ആറ്റിങ്ങലിലായിരുന്നു പ്രധാനമായും ചിലവഴിച്ചത്. മണ്ഡലം വിട്ടു താമസിക്കുന്ന സമുദായ നേതാക്കളായ ചിലരെ സ്ഥാനാര്‍ഥി നേരിട്ടു കണ്ടു. ഇതിനിടെ ചില രഹസ്യയോഗങ്ങളിലും പങ്കെടുത്തതായാണു വിവരം. ഇടതു സ്ഥാനാര്‍ഥി ഡോ: എ.സമ്പത്ത് നെടുമങ്ങാട് കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ വോട്ടര്‍മാരെ കണ്ടത്. കാറില്‍ മണ്ഡലത്തിലെ പ്രധാന നേതാക്കളോടൊപ്പം സാമുദായിക നേതാക്കന്മാരെ കാണാനാണു സമ്പത്ത് ഇന്നലെ അധിക സമയവും ചിലവഴിച്ചത്. കല്യാണങ്ങളില്‍ പങ്കെടുക്കുന്നതിലായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് ഇന്നലെ ഉച്ചവരെ സമയം ചിലവഴിച്ചത്. അതിനുശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തന്നെയായിരുന്നു കേന്ദ്രീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."