അന്തിക്കാട് പടവിലെ കര്‍ഷകരുടെ ആശങ്ക ഒഴിയുന്നു
അന്തിക്കാട്: മഴയില്‍ നനഞ്ഞ നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയാറായതോടെ കര്‍ഷകരുടെ ആശങ്ക ഒഴിയുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പാഡി ഓഫിസര്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ധാരണ പ്രകാരം ഇന്നലെ മുതല്‍ നെല്ലെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജില്ലയിലെ വലിയ പാടശേഖരമായ അന്തിക്കാട് പടവില്‍ നല്ല വിളവാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. എന്നാല്‍ നെല്ലെടുക്കുന്നതിന് സപ്ലൈകോ ഏര്‍പ്പെടുത്തിയ മില്ലുടമകള്‍ പിന്മാറിയതാണ് നെല്ലെടുപ്പ് വൈകാന്‍ കാരണമായത്. തുടര്‍ന്ന് പാടശേഖര സമിതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിറപറ മില്ലുടമകള്‍ നെല്ലെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു.
എന്നാല്‍ കൊയ്ത്ത് കഴിഞ്ഞതോടെ കയറ്റിറക്കിനെ ചൊല്ലിയും വാഹനങ്ങളെ സംബന്ധിച്ചും തര്‍ക്കം ഉടലെടുത്തു. ഇതേ തുടര്‍ന്ന് നെല്ലെടുക്കല്‍ വീണ്ടും വൈകി. തുടര്‍ന്ന് മഴയും പെയ്തു. ഇതോടെ കര്‍ഷകരുടെ ആശങ്കയും വര്‍ധിച്ചു. പടവിലെ 800 ക്വിന്റല്‍ നെല്ലാണ് മഴയില്‍ നനഞ്ഞു കുതിര്‍ന്നത്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ പാടശേഖര സമിതി പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ടതിനെ തുടര്‍ന്നാണ് നിറപറ മില്ലുടമകള്‍ നെല്ലെടുക്കാന്‍ മുന്നോട്ടു വന്നത്.
മഴയില്‍ നനഞ്ഞ എല്ലാ നെല്ലും എടുക്കാമെന്ന് മില്ലുടമകളും കൃഷി ഉദ്യോഗസ്ഥരും പാഡി ഓഫിസറും പാടശേഖര കമ്മിറ്റി അംഗങ്ങളും കര്‍ഷകരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ധാരണ പ്രകാരം ഇന്നലെ തന്നെ നടപടികള്‍ ആരംഭിച്ചു. ഈ തവണ വളരെ നല്ല നിലയില്‍ ഭൂരിപക്ഷം പ്രദേശങ്ങളിലും കൊയ്ത്ത് സുഗമമായും വേഗത്തിലും കഴിഞ്ഞതാണ്.
കൂടുതല്‍ യന്ത്രം ഇറങ്ങി കൊയ്ത്ത് നടന്നു. വിളവും കൂടുതലായിരുന്നു. ആദ്യം അനുവദിച്ച മില്ലുകള്‍ നെല്ലെടുക്കാന്‍ സമ്മതിക്കാതെ പാടശേഖര കമ്മിറ്റിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് നിറപറ നെല്ലെടുക്കാന്‍ സമ്മതിച്ചത്. മഴയില്‍ നനഞ്ഞ നെല്ല് പാടത്തെ പൊരിവെയിലേറ്റ് ഉണങ്ങിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും നനഞ്ഞ നെല്ല് ഇതുവരെയും ഉണങ്ങാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. മഴയില്‍ നനഞ്ഞ നെല്ല് പാടത്തു നിന്നും കയറ്റി വയ്ക്കുന്നതിനും മറ്റുമായി നല്ലൊരു സംഖ്യ കര്‍ഷകര്‍ക്ക് ചെലവ് വന്നിട്ടുണ്ട്.
പ്രതീക്ഷിക്കാതെ വന്ന ചെലവ് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി. കര്‍ഷകര്‍ക്കുണ്ടായ അമിത ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും പ്രശ്‌നത്തില്‍ കൃഷിമന്ത്രി ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."