തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി
പാലക്കാട്: ഇന്ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ റിസര്‍വില്‍ ഉള്ള പൊലീസ് സംഘങ്ങളെ പോളിങ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കും. ക്യാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്‌നബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളില്‍ പൊലീസ് സംഘം പട്രോളിംഗ് നടത്തും. വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പൊലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത് . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."