സുധാകരനെതിരേ കേസ്: ജില്ലാ ഭരണകൂടത്തിന് സി.പി.എം വിധേയത്വമെന്ന് പാച്ചേനി
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് കേസെടുത്ത നടപടി പ്രതിക്ഷേധാര്‍ഹമാണെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ ഫെയ്‌സ് ബുക്കില്‍ പ്രദര്‍ശിപ്പിച്ചതിന് കേസെടുത്തത് ഭരണകൂടത്തിന് സി.പി.എമ്മിനോടുള്ള വിധേയത്വത്തിന്റെ തെളിവാണെന്നും സി.പി.എം ഇംഗിതത്തിന് വഴങ്ങി പക്ഷപാതപരമായ സമീപനം ഭരണകൂടം സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം എല്‍.ഡി.എഫിനെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് ഒട്ടേറെ പരാതികള്‍ റിട്ടേണിങ് ഓഫിസര്‍ക്ക് നല്‍കിയെങ്കിലും ആ പരാതികളൊന്നും മുഖവിലയ്‌ക്കെടുക്കാനോ പരിശോധിക്കാനോ തയാറായിരുന്നില്ല. സി.പി.എം അഭിഭാഷക സംഘടനയുടെ ജില്ലാ നേതാവായ പബ്ലിക് പ്രോസിക്യൂട്ടറോട് നിര്‍ബന്ധപൂര്‍വം പറഞ്ഞ് എഴുതി വാങ്ങിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസെടുത്തിട്ടുള്ളത്. കക്ഷിരാഷ്ട്രീയ താല്‍പര്യത്തിനനുസരിച്ച് ജില്ലാ ഭരണകൂടം പെരുമാറുന്ന തെറ്റായ നടപടിയെ നിയമപരമായി നേരിടുമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."