തുര്‍ക്കി അട്ടിമറി: നടപടിക്ക് ഇരയായത് അരലക്ഷത്തിലേറെ പേര്‍
അങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് 99 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി. സൈനിക ജനറല്‍മാര്‍ക്കും അഡ്്മിറലുകള്‍ക്കെതിരേയുമാണ് കേസ്. പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ തന്റെ ഓഫിസില്‍ വിളിച്ചുചേര്‍ത്ത സൈനിക ഓഫിസര്‍മാരുടെ യോഗത്തിലാണ് തീരുമാനം. അരലക്ഷം ഉദ്യോഗസ്ഥരാണ് ഇതിനകം അട്ടിമറിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയോ നടപടി നേരിടുകയോ ചെയ്തതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫത്ത്ഹുല്ല ഗുലേന്റെ കരങ്ങളാണ് അട്ടിമറിക്ക് പിന്നിലെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. തുര്‍ക്കിയില്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ ശൃംഖലയാണ് ഗുലേന്റെ സംഘടനയ്ക്കുള്ളത്. അതിനാല്‍ വിദ്യാഭ്യാസ വിദഗ്ധര്‍ രാജ്യം വിടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ 21,000 അധ്യാപകരുടെ ലൈസന്‍സ് നടപടിയുടെ ഭാഗമായി മരവിപ്പിച്ചിരുന്നു. 1577 യൂനിവേഴ്‌സിറ്റി ഡീനുമാരെയും പുറത്താക്കി. ഇവര്‍ രാജ്യംവിടാതിരിക്കാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമാണ് ഇവരുടെ വിദേശയാത്ര റദ്ദാക്കി ഉത്തരവിറക്കിയത്. 15,000 വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരെയും പുറത്താക്കി.
അട്ടിമറിയില്‍ പങ്കെടുത്തവര്‍ക്കെതിരേ ശക്തമായ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ഇന്നലെ ഉര്‍ദുഗാന്‍ വിളിച്ചുചേര്‍ത്തത്.
നടപടിക്ക് വിധേയരായവര്‍ക്ക് ഗുലേനുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സര്‍ക്കാര്‍ വിരുദ്ധനയം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും സെന്‍സര്‍ ചെയ്യാനും നീക്കമുണ്ട്.
ഈ നീക്കത്തിനെതിരേ ആംനെസ്റ്റി ഇന്റര്‍നാഷനലും രംഗത്തുവന്നു. ഫത്ഹുല്ലയുടെ പ്രസ്ഥാനവുമായി ബന്ധമുള്ളവര്‍ക്കെതിരേ ഓഗസ്റ്റ് അഞ്ചിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യൂനിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശത്ത് പഠനവും ഗവേഷണവും നടത്തുന്ന വിദ്യാഭ്യാസ വിദഗ്ധരോട് രാജ്യത്തേക്ക് മടങ്ങാനും നിര്‍ദേശം നല്‍കി. ഇതിനിടെ തുര്‍ക്കിയിലെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ മൂന്നു ലക്ഷം മെയിലുകളും വിക്കിലീക്‌സ് പുറത്തുവിട്ടു. 2000 മുതല്‍ 2016 ജൂലൈ വരെയുള്ള പാര്‍ട്ടിയുടെ മെയിലുകളാണ് പുറത്തായത്.
നടപടി ഇങ്ങനെ
15,200 വിദ്യാഭ്യസ മന്ത്രാലയ ജീവനക്കാരെ പുറത്താക്കി
21,000 അധ്യാപകരുടെ ലൈസന്‍സ് റദ്ദാക്കി
1,577 സര്‍വകലാശാല ഡീനുകളെ നീക്കി
8000 പൊലിസുകാരെ പുറത്താക്കി
1,500 ധനകാര്യ മന്ത്രാലയം ജീവനക്കാരും പുറത്ത്
257 പ്രധാനമന്ത്രിയുടെ ഓഫിസ് ജീവനക്കാരും പുറത്തായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."