സീറ്റ് നിഷേധിച്ചു; ബി.ജെ.പി വിടാനൊരുങ്ങി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്
ന്യൂഡല്‍ഹി: സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി വിടാനൊരുങ്ങി പ്രമുഖ ദലിത് നേതാവ് ഉദിത് രാജ്. ഡല്‍ഹിയില്‍ നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസമായ ഇന്നലെ രാവിലെ ട്വിറ്ററിലിട്ട കുറിപ്പിലാണ് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിപ്പിക്കരുതെന്ന് അദ്ദേഹം ബി.ജെ.പി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയത്. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഉദിത് രാജിന് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതുള്‍പ്പെടെയുള്ള കാരണങ്ങളാണ് പരസ്യമായി പാര്‍ട്ടി നേതൃത്വത്തിന് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയത്. ടിക്കറ്റ് ലഭിക്കുമോ എന്നു കാത്തിരിക്കുകയാണ്, ഇല്ലെങ്കില്‍ ഞാന്‍ ബി.ജെ.പിയോട് വിടപറയും. എനിക്ക് ഇത്തവണും അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും കരുതുന്നു. എന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്തുപോവാന്‍ നിര്‍ബന്ധിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹം ട്വീറ്റ് ചെയ്തു.
രാവിലെ ഇക്കാര്യം ട്വീറ്റ് ചെയ്തതിനു പിന്നാലെ വെസ്റ്റ് ഡല്‍ഹിയില്‍ ഗായകന്‍ ഹന്‍സ് രാജ് ഹന്‍സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി അന്തിമ പട്ടിക പുറത്തുവിട്ടു. പ്രമുഖ സൂഫി ഗായകനായ ഹന്‍സ് രാജ്, 2016ലാണ് കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹന്‍സ് രാജിന്റെ പേര് പ്രഖ്യാപിച്ചതോടെ വീണ്ടും രൂക്ഷമായ പ്രതികരണവുമായി ഉദിത് രാജ് രംഗത്തുവന്നു. ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും അതേസമയം, സ്വതന്ത്രനായി മല്‍സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായിലും വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, എനിക്കു തെറ്റുപറ്റി. എം.പി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളാണ് ഞാനെന്ന് എന്റെ റെക്കോര്‍ഡ് പരിശോധിച്ചാല്‍ വ്യക്തമാവും. ലോക്‌സഭയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചവരില്‍ രണ്ടാം റാങ്കാണ് എനിക്കു ലഭിച്ചത്. ഞാന്‍ പാര്‍ട്ടി വിട്ടതല്ല, പാര്‍ട്ടി എന്നെ ഉപേക്ഷിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്നെ ഉപേക്ഷിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വളരെ മുന്‍പേ മുന്നറിയിപ്പ് നല്‍കിയത് ഇപ്പോള്‍ സത്യമായിരിക്കുന്നു. തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവാണ് ഞാന്‍ എന്നാണ് രാഹുല്‍ എന്നെ കുറിച്ചു പറഞ്ഞത്- ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ അറിയപ്പെട്ട ദലിത് നേതാക്കളില്‍ ഒരാളായ ഉദിത് രാജ് സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് രാജിവച്ച് ഇന്ത്യന്‍ ജസിറ്റിസ് പാര്‍ട്ടി രൂപീകരിച്ചു പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടെ അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായാണ് ഉദിത് രാജ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ശബരിമലയിലെ സ്ത്രീ പ്രവേശനം, പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹം വേറിട്ട നിലപാടുകളും സ്വീകരിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."