ഷില്ലോങ്ങിലെ ഇറച്ചിവെട്ടുകാരികള്‍
ബീഫ് നിരോധനവും അതുമായി ബന്ധപ്പെട്ട നിരവധി കേസുകളും രാജ്യത്താകമാനം ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമാണ്. എന്നാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം ബീഫ് ചര്‍ച്ചകള്‍ ഒരിക്കല്‍ പോലും ഉയര്‍ന്നുകേട്ടിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പോലും ആരും അവിടെ ബീഫിനെക്കുറിച്ചു സംസാരിച്ചിരുന്നതായി കേട്ടിട്ടില്ല. രാജ്യത്താകമാനം ബി.ജെ.പി ബീഫ് രാഷ്ട്രീയം സജീവമാക്കുമ്പോള്‍ അവര്‍ തന്നെ ഭരണം കൈയാളുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫിനെക്കുറിച്ച് ഒരക്ഷരം പറയാന്‍ ഇവര്‍ മറന്നുപോകുന്നു. ഇക്കഴിഞ്ഞ ത്രിപുര തെരഞ്ഞെടുപ്പ് വേളയില്‍ ബീഫ് എന്ന പദം ഒഴിവാക്കിയ ബി.ജെ.പി പക്ഷെ, അധികാരം ലഭിച്ചപ്പോള്‍ ബീഫിനെതിരേ വാളോങ്ങുന്ന കാഴ്ചയുണ്ടായി. എന്നാല്‍, ഒരു വിഭാഗത്തിന്റെ ചെറുത്തുനില്‍പ്പിനു മുന്‍പില്‍ അവര്‍ പതറുന്ന കാഴ്ച രസാവഹമായിരുന്നു. നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്‍പും ശേഷവും ബീഫ് ചര്‍ച്ച ചെയ്യപ്പെട്ടില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് അവിടുത്തുകാരുടെ ഭക്ഷണങ്ങളിലെ മുഖ്യ ഇനമാണ്. ബീഫിനു പുറമെ പന്നിയും പട്ടിയും മറ്റ് ഇഴജന്തുക്കളുമൊക്കെ അവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്.
ഇറച്ചിവില്‍പന കേന്ദ്രങ്ങള്‍
മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ്ങ് കാണാനെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗം പേരും ഇവിടുത്തെ കാലാവസ്ഥയും തിരക്കുപിടിച്ച നഗരകാഴ്ചയും കണ്ടു തിരിച്ചുപോകുകയാണു പതിവ്. ഷില്ലോങ്ങ് പട്ടണം കയറ്റങ്ങളും ഇറക്കങ്ങളും കൊടും വളവുകളുമായി തണുത്തു പച്ചയണിഞ്ഞു നില്‍ക്കുന്നതുകൊണ്ടുതന്നെ ധാരാളം സഞ്ചാരികളാണിവിടെ എപ്പോഴും എത്തുന്നത്. കുത്തനെയുള്ള റോഡുകള്‍, അവയ്ക്ക് ഇരുവശത്തുമായി ഭംഗിയുള്ള നടപ്പാതകള്‍, റോഡുകള്‍ക്കു മുകളിലൂടെ കരകളെ ബന്ധിപ്പിക്കുന്ന ചെറിയ പാലങ്ങള്‍, കയറ്റങ്ങള്‍ക്കിടയിലെ കെട്ടിടങ്ങള്‍ക്കിടയിലൂടെ നീളം കൂടിയ ചവിട്ടുപടികള്‍, ഭംഗിയായ കുന്നിന്‍പുറങ്ങളിലെ നിര്‍മിതികള്‍. ഇതൊക്കെ ആസ്വദിച്ചു നാടു കണ്ടുപോയിരുന്നവര്‍ എത്താത്ത ഒരു പ്രദേശമാണ് ഷില്ലോങ്ങ് പട്ടണത്തിനകത്തെ ഇറച്ചിവില്‍പനകേന്ദ്രം (ങലമ േങമൃസല)േ.
ഷില്ലോങ്ങിലെ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നീണ്ട ചവിട്ടുപടികളും കയറിയിറങ്ങി പട്ടണത്തിനകത്തെ ഇടുങ്ങിയ വഴികളിലേക്കു പ്രവേശിച്ചാല്‍ ധാരാളം പേരാണ് ഇറച്ചി വാങ്ങാനായി കൂട്ടംകൂടി നില്‍ക്കുന്നത്. പന്നിയും മൂരിയും പോത്തുമൊക്കെ അറുത്തു തൂക്കിവില്‍ക്കുന്ന തിരക്കിലാണു സ്ത്രീകള്‍. ഇവിടെ സ്ത്രീകള്‍ മാത്രമാണു കച്ചവടക്കാര്‍. എല്ലാവിധ കച്ചവടങ്ങളും നിയന്ത്രിക്കുന്നതു സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാര്‍ ഇവിടെ ചുമടുകള്‍ എടുക്കുന്ന ജോലി മാത്രമാണു കൂടുതലും ചെയ്യുന്നത്. തിരക്കേറിയ ഇടുങ്ങിയ വഴികളില്‍ ഇരുന്നു നിരവധി സ്ത്രീകളാണ് ഇവിടെ എല്ലാ സാധനങ്ങളും വില്‍ക്കുന്നത്.
വളരെ കാലങ്ങള്‍ക്കുമുന്‍പുതന്നെ പ്രശസ്തമാണ് മേഘാലയയിലെ ഇറച്ചിവെട്ടുന്ന സ്ത്രീകളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍. ഇവിടുത്തെ ഗാര്‍ബി ഗോത്രവര്‍ഗക്കാരായ സ്ത്രീകളുടെ ഇറച്ചിക്കച്ചവടം വളരെ പ്രശസ്തമാണ്. പന്നി, മൂരി, പോത്ത് തുടങ്ങിയവയെ അറുക്കുന്നതും, ശേഷം അതിന്റെയൊക്കെ തൊലിയുരിഞ്ഞ് ഇറച്ചിയാക്കി മാറ്റി തൂക്കിവില്‍ക്കുന്നതുവരെ സ്ത്രീകളാണിവിടെ ചെയ്യുന്നത്. ഈ ജോലിയില്‍ വ്യാപൃതരായ നിരവധി സ്ത്രീകള്‍ ഷില്ലോങ്ങിലെ മീറ്റ് മാര്‍ക്കറ്റിനെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയിട്ടുണ്ട്. ലോകത്ത് ഇത്തരത്തില്‍ മറ്റൊന്നുള്ളത് മംഗോളിയയിലാണ്. ഇന്ത്യയില്‍ ഇത്രയധികം സ്ത്രീകള്‍ ഈ രീതിയില്‍ വില്‍പന നടത്തുന്ന കേന്ദ്രം മറ്റൊന്നില്ല.
അരോഗദൃഢഗാത്രരായ ആദിവാസി വിഭാഗക്കാരായ ഗാര്‍ബി സ്ത്രീകളാണു കാലികളെ അറുക്കുന്നത്. നൂറു കിലോ മുതല്‍ 400 കിലോ വരെ വരുന്ന അറവുമാടുകളെയും പന്നികളെയുമൊക്കെ തങ്ങള്‍ ഒറ്റയ്ക്കാണ് അറുക്കാറുള്ളതെന്നു കച്ചവടക്കാരിയായ ലെബൊനി ബൊയ്പി പറയുന്നു. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന തൊഴില്‍ ആയതുകൊണ്ടുതന്നെ ഇതില്‍ അഭിമാനമുണ്ടെന്നും, വില കൊടുത്തു വാങ്ങിക്കൊണ്ടുവരുന്ന കാളകളെ തങ്ങള്‍ തന്നെ അറുത്ത് മാര്‍ക്കറ്റില്‍ കൊണ്ടുവന്നു കച്ചവടം ചെയ്യുകയാണു പതിവെന്നും മറ്റൊരു കച്ചവടക്കാരിയായ പത്മിനി റോംഗ്പിയും പറയുന്നു.
പുരുഷന്മാരാണ് ഈ ജോലി എല്ലായിടത്തും ചെയ്യുന്നത്. എന്നാല്‍, ഇവിടെ മാത്രമാണ് ഇത്തരം കാഴ്ചകള്‍ ഉള്ളതെന്നും നിങ്ങള്‍ക്ക് എങ്ങനെയാണിതിനു കഴിയുന്നതെന്നുമുള്ള ചോദ്യത്തിന് അവരെല്ലാം മറുപടി ഒരു ചിരിയിലൊതുക്കി. തങ്ങള്‍ക്ക് ഈ ജോലി ഒരു ഭാരമായി തോന്നുന്നില്ലെന്നും അദ്ധ്വാനിച്ചു ജീവിക്കുന്ന സമ്പ്രദായമാണു തങ്ങളുടെ ഗോത്രരീതിയെന്നും കാളകളെയും പന്നിയെയുമൊക്കെ അറുക്കുന്നതു കുറ്റകരമായി കാണുന്നില്ലെന്നും അവര്‍ പറയുന്നു. തലക്കടിച്ചോ മയക്കിയോ കൊല്ലുന്ന രീതി തങ്ങള്‍ക്ക് അറിയില്ലെന്നും അറുത്തു കഴിക്കുന്ന ഇറച്ചിക്കേ രുചിയുണ്ടാകുകയുള്ളൂവെന്നും ഇവര്‍ പറയുന്നു. അറുക്കാനായി ഗ്രാമത്തില്‍ പ്രത്യേക അറവുശാലകളുണ്ട്. അവിടെനിന്ന് ഇറച്ചിയാക്കിയേ ഇവിടെ കൊണ്ടുവന്നു വില്‍ക്കാറുള്ളൂ. സ്ഥിരമായി അറവുകാരി എന്ന ഒരാളില്ല. തങ്ങളുടെ ഗ്രാമത്തില്‍ എല്ലാവരും അറവുകാരികളാണെന്നും റാണി തെരാംപി എന്ന സ്ത്രീ പറഞ്ഞു.
രാവിലെ ആറുമണി മുതല്‍ സജീവമാകുന്ന ഷില്ലോങ്ങിലെ മീറ്റ് മാര്‍ക്കറ്റില്‍ നിരവധി പേരുണ്ട് സ്ത്രീ കച്ചവടക്കാരായി. യാതൊരു മടിയുമില്ലാതെ മൃഗങ്ങളുടെ തലയും കാലും കുടലുമൊക്കെ പറയുന്ന രീതിയില്‍ അവര്‍ വൃത്തിയാക്കി തൂക്കിനല്‍കും. വളരെ ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നെല്ലാം ഇറച്ചി വാങ്ങാന്‍ നിരവധി പേര്‍ ഇവിടെ ഇപ്പോഴും എത്താറുണ്ട്. ദിവസേന ഒന്നും ഒന്നിലധികവും മാടുകളെ അറുത്ത് കച്ചവടം ചെയ്യുന്ന സ്ത്രീകളെയും ഈ മാര്‍ക്കറ്റില്‍ കാണാം. ഇവരെല്ലാം തന്നെ ഗാര്‍ബി വിഭാഗക്കാരാണ്. മറ്റു ഗോത്രവര്‍ഗത്തില്‍പ്പെട്ട സ്ത്രീകളൊന്നും ഈ കച്ചവടം നടത്തുന്നില്ല. ഭൂരിഭാഗം കച്ചവടവും നിയന്ത്രിക്കുന്നതു സ്ത്രീകളായതുകൊണ്ടുതന്നെ ഇവരെല്ലാം കണക്കില്‍ മിടുക്കികളാണ്. ഇംഗ്ലീഷ് ഭാഷ അനായാസേന കൈകാര്യം ചെയ്യുന്ന അനേകം സ്ത്രീ കച്ചവടക്കാരെ ഈ മാര്‍ക്കറ്റില്‍ കാണാം.
നിരനിരയായി മാര്‍ക്കറ്റില്‍ തൂക്കിയിട്ടിരിക്കുന്ന മാടുകളുടെ ഇറച്ചിവെട്ടുന്ന ജോലിയില്‍ സംതൃപ്തരാണ് ഈ മാര്‍ക്കറ്റിലെ ഇറച്ചിവെട്ടുകാരികള്‍. ബീഫ് നിരോധനം എന്ന വാക്കുപോലും ഇവര്‍ കേട്ടിട്ടില്ല. ബി.ജെ.പി രാജ്യത്താകമാനം ബീഫിന്റെ പേരില്‍ കലാപം സൃഷ്ടിക്കുമ്പോഴാണ് അവര്‍ തന്നെ ഭരിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിളിലെ ഈ അവസ്ഥയെന്ന് ഓര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."