ഭായിമാര്‍ സ്വപ്നം കണ്ട അപ്നാഘറില്‍ ദുരിതബാധിതര്‍ക്ക് സുഖതാമസം
കഞ്ചിക്കോട്: സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയിലെ ഇതരസംസ്ഥാനക്കാര്‍ക്കായി നിര്‍മിച്ച അപ്നാഘറില്‍ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് സുഖതാമസം. മാസങ്ങളായി കണ്ണിലെണ്ണയൊഴിച്ച് താമസിക്കുന്നതിനായി കാത്തിരുന്ന ഭായിമാര്‍ക്ക് അല്‍പം വിഷമമുണ്ടെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വപ്നഭവനം താല്‍ക്കാലികമായെങ്കിലും വിട്ടുകൊടുക്കാന്‍ കഴിഞ്ഞതിന്റെ കൃതാര്‍ഥതയിലാണവര്‍. നിര്‍മ്മാണം പൂര്‍ത്തിയായ അപ്നാഘറിന്റെ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നത് സാങ്കേതികകാരങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു.
രാജ്യത്തുതന്നെ പ്രഥമസംരംഭമായ അപ്നാഘറില്‍ ഇപ്പോള്‍ താമസിക്കുന്നത് നഗരപരിസരത്ത് മഴക്കെടുതിയില്‍ വീടു നഷ്ടപ്പട്ടവരാണ്. ശംഖുവാരത്തോട് ഭാഗത്തെ പൂര്‍ണമായും വീടുതകര്‍ന്ന് മോയന്‍സ്‌കൂള്‍, എം.ഇ.എസ് സ്‌കൂള്‍, കോപ്പറേറ്റ് കോളജ് എന്നിവിടങ്ങളിലുള്ള ദുരിതാശ്വാസക്യാംപുകളില്‍ കഴിഞ്ഞവരെയാണ് കഴിഞ്ഞദിവസം അധികൃതരുടെ ദേശത്തെ തുടര്‍ന്ന് അപ്നാഘറിലേക്കുമാറ്റിയത്. മൂന്നു നിലകളിലായുള്ള കെട്ടിടസമുച്ചയത്തില്‍ 740 പേരാണ് ഇപ്പോള്‍ താമസിക്കുന്നത്.
കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍വരെ ഇവിടെ സ്വര്‍ഗതുല്യമായാണിപ്പോള്‍ കഴിയുന്നത്. ഓരോ മുറിയിലും 10 പേരെ വീതമാണ് താമസിപ്പിച്ചിരിക്കുന്നതെന്നിരിക്കെ എല്ലാ മുറികളിലും കട്ടിലുകളും അംഗപരിമിതര്‍ക്ക് പ്രത്യേകം സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും കര്‍മനിരതരായ വളണ്ടിയേഴ്‌സും വൈദ്യപരിശോധനക്കായി രണ്ടു ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍സംഘവും ആശവര്‍ക്കര്‍മാരും സുരക്ഷക്കായി ഒരു എസ്.ഐ അടങ്ങുന്ന 15 അംഗ പൊലിസ് സംഘവും മുഴുവന്‍ സമയവും അപ്നാഘറിലുണ്ട്.
ഭക്ഷണം പാകം ചെയ്യുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേകം പാചകസംഘവും മാലിന്യസംസ്‌കരണത്തിനായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനവും ഇവിടെയൊരിക്കിയിട്ടുണ്ട്. കണ്‍മുന്നില്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ സങ്കടംമറന്നിപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. ഇവിടെയുള്ളവര്‍ക്ക് ജോലിക്ക് പോകുന്നതിനായി പ്രത്യേകം ബസ് സര്‍വിസും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെതന്നെ പ്രഥമസംരംഭമായ അപ്നാഘര്‍ ഇപ്പോള്‍ സംസ്ഥാനത്തെതന്നെ മികച്ച ദുരിതാശ്വാസക്യാമ്പായി മാറിയിരിക്കുകയാണ്. അപ്നാഘറിലേക്ക് മാറിയതോടെ ശംഖുവാരത്തോട്, കുമാരസ്വാമി കോളനി, സുന്ദരംകോളനി നിവാസികളൊക്കെ ഇപ്പോള്‍ പുതിയജീവിത്തിലേക്ക് കരകയറിയ പ്രതീക്ഷയിലാണ്. ഒപ്പം ഇവരുടെ നഷ്ടപ്പെട്ട മോഹങ്ങള്‍ ചിറകുവിരിച്ച ആശ്വാസത്തിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."