തടിക്കടവ് തൂക്കുപാലം അപകടത്തില്‍
ആലക്കോട്: കരയിടിച്ചില്‍ രൂക്ഷമായതോടെ തടിക്കടവ് പുഴക്ക് കുറുകെ നിര്‍മിച്ച തൂക്കുപാലം അപകടാവസ്ഥയില്‍. ഒരുകോടി രൂപ ചെലവിട്ട് ഓടക്കടവില്‍ നിര്‍മിച്ച പാലമാണു തകര്‍ച്ചാഭീഷണി നേരിടുന്നത്. നൂറുകണക്കിനാളുകള്‍ ദിവസേന ആശ്രയിക്കുന്ന പാലമാണിത്. എട്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനിയാണു പാലം നിര്‍മിച്ചത്. ഇരുകരകളിലും കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് ഇരുമ്പ് വടത്തില്‍ തൂക്കിയിട്ടിരിക്കുന്ന രീതിയിലായിരുന്നു നിര്‍മാണം. പൈലിങ് ജോലികള്‍ക്കിടെ പുഴയോരത്തെ നിരവധി കൃഷിയിടങ്ങള്‍ ഇടിഞ്ഞുവീണിരുന്നു. ഇരുകരകളിലും സംരക്ഷണഭിത്തി നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കനത്തമഴയില്‍ തൂണിനോടു ചേര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതാണു നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ക്ക് ആശ്രയമാകുന്ന പാലം സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പാലം നിര്‍മിക്കാന്‍ ആവശ്യമായ ഭൂമി സൗജന്യമായി നല്‍കിയവര്‍ക്ക് അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. മഴക്കാലമായതോടെ കരയിടിച്ചില്‍ രൂക്ഷമാവുകയും ഇവരുടെ കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ പുഴയിലേക്കു പതിക്കുകയുമാണ്. തൂണുകള്‍ക്ക് ഇരുവശവും 500 മീറ്റര്‍ അകലത്തിലെങ്കിലും സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്. കരയിടിച്ചിലിനെ തുടര്‍ന്ന് ഓരോവര്‍ഷവും കൃഷിയിടത്തിന്റെ അളവ് കുറഞ്ഞുവരുന്നതും റബര്‍, കവുങ്ങ് തുടങ്ങിയ വിളകള്‍ പുഴയെടുക്കുന്നതും പതിവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."