നിയമോപദേശത്തിന് ഇനിയും അദാനിയുമായി ബന്ധമുള്ള കമ്പനിയെ ആശ്രയിക്കേണ്ടിവരുമെന്ന് കിഫ്ബി
തിരുവനന്തപുരം: മസാല ബോണ്ട് വിറ്റഴിക്കലിനായി സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശകരായി നിയോഗിച്ചത് അദാനിയുമായി ബന്ധമുള്ള കമ്പനിയെയാണെന്ന ആരോപണത്തില്‍ മറുപടിയുമായി കിഫ്ബി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങളിലൂടെയാണ് സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന കമ്പനിയെ നിയമോപദേശകരായി തെരഞ്ഞെടുത്തതെന്നും ഇത് രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ നിയമ സേവന സ്ഥാപനങ്ങളിലൊന്നാണെന്നുമാണ് കിഫ്ബിയുടെ മറുപടി. മസാല ബോണ്ട് സംബന്ധമായി ഭാവിയില്‍ എന്തെങ്കിലും നിയമപരമായ സേവനം ആവശ്യമായി വന്നാലും കിഫ്ബിക്ക് ഇതേ സ്ഥാപനത്തെയാണ് സമീപിക്കേണ്ടി വരുന്നതെന്നും അവരുടെ സേവനം ഭാവിയില്‍ ലഭ്യമല്ലാതായി തീരാനേ ഇത്തരം വാര്‍ത്തകള്‍ ഉപകരിക്കൂവെന്നും കിഫ്ബി വിശദീകരിക്കുന്നു.
കാര്യങ്ങള്‍ ശരിയായി മനസിലാക്കാതെയോ അല്ലെങ്കില്‍ മനസിലായിട്ടും അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിനോ വേണ്ടിയാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിലേക്ക് കിഫ്ബിയെ കൂടി വലിച്ചിഴക്കുന്നത്. നൂറ് പാര്‍ട്ണര്‍മാര്‍ അടക്കം ഏകദേശം 650 അഭിഭാഷകര്‍ ഉള്‍പ്പെട്ട ഈ സ്ഥാപനത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരില്‍ ദേശീയ, അന്തര്‍ ദേശീയ തലത്തിലെ പ്രമുഖ കമ്പനികളും സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്. മസാല ബോണ്ട് വിറ്റഴിക്കുന്നതില്‍ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും മുന്‍നിര സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കിയതിന്റെ മികച്ച ട്രാക്ക് റെക്കോര്‍ഡും ഈ സ്ഥാപനത്തിനുണ്ട്. കിഫ്ബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."