കല്‍പ്പറ്റ ബൈപ്പാസില്‍ വാഹനാപകടം: കാര്‍ കൊക്കയില്‍ വീണു
കല്‍പ്പറ്റ: കനത്ത മഴയില്‍ കല്‍പ്പറ്റ ബൈപ്പാസില്‍ വാഹനാപകടത്തില്‍ കാര്‍ ഇടിച്ച് മറ്റൊരു കാര്‍ കൊക്കയിലേക്ക് വീണു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം. അപകടത്തില്‍ കണിയാമ്പറ്റ സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. കൈനാട്ടി ഭാഗത്ത് നിന്ന് ട്രാഫിക്ക് ജങ്ഷന്‍ ഭാഗത്തേക്ക് പോകുന്ന രണ്ട് കാറുകള്‍ ഇടിച്ച് ഒരു കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മുന്‍പിലും പിന്നിലുമായി വന്ന രണ്ട് കാറുകളില്‍ മുന്‍പിലുള്ള വാഹനം വലത്തോട്ട് തിരിയാന്‍ സിഗ്‌നല്‍ ഇട്ടിരുന്നു. എന്നാല്‍ കാറ്റും മഴയും കാരണം സിഗ്നല്‍ കാണാതെ പിന്നില്‍ വന്ന കാര്‍ മുന്‍പിലത്തെ കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നാല്‍പതിലധികം അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. രണ്ടാമത്തെ കാര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന ഇലക്ട്രിക് പോസ്റ്റുകളില്‍ കയറി നിന്നതില്‍ വന്‍ അപകടമാണ് ഒഴിവായത്. ഇതില്‍ യാത്ര ചെയ്തിരുന്ന പുല്‍പ്പള്ളി മാരപ്പന്‍ മൂല പുന്നന്താനത്ത് ഷിജോ, സുഹൃത്ത് കൊട്ടിയൂര്‍ കേളകം മംഗലത്ത് സിജോ, ഭാര്യ നിസി, ഇവരുടെ കൈകുഞ്ഞ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയ ശേഷം നാട്ടുകാരും ചേര്‍ന്നാണ് കൊക്കയില്‍ വീണ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."