തകര്‍ന്നു വീഴാറായ കൂരയ്ക്കു കീഴെ കാരുണ്യം കാത്ത് രണ്ടു ജീവിതങ്ങള്‍
തളിപ്പറമ്പ്: സുമനസുകളുടെ സഹായം തേടി കുറുമാത്തൂര്‍ ചെറുകുന്നുമ്മലിലെ തെരുവത്തകത്ത് അബ്ദുല്‍ഖാദറും സഹോദരി ആസ്യയും. നാലുവയസു മുതല്‍ കാഴ്ച നഷ്ടമായ അബ്ദുല്‍ഖാദറും ആസ്യയും ചെറുകുന്നുമ്മല്‍ തുരുത്തിലെ തകര്‍ന്നു വീഴാറായ വീട്ടിലാണ് കഴിയുന്നത്.
തുരുത്തുകള്‍ മഴവെള്ളത്താല്‍ മൂടി ഒറ്റപ്പെടുമ്പോഴും ജീവിത സമ്പാദ്യമായ പുരയിടവും വീടും വിട്ടുപോകില്ലെന്ന വാശിയിലുള്ള ഇവരെക്കുറിച്ച് സുപ്രഭാതം വാര്‍ത്ത കൊടുത്തിരുന്നു.
കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചു തകരാറായ വീട്ടിലാണ് അറുപതുകാരനായ അബ്ദുല്‍ഖാദറും 65കാരിയായ ആസ്യയും കഴിയുന്നത്. ഇവിടെ നേരത്തേ ഉണ്ടായിരുന്ന മറ്റ് രണ്ടു കുടുംബങ്ങള്‍ മഴക്കാലദുരിതം കണക്കിലെടുത്ത് മാറിതാമസിക്കുകയായിരുന്നു. ഇപ്പോള്‍ ഈ വലിയ തുരുത്തില് ഇവര്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പോലും ആരും അറിയില്ല. കാഴ്ചയില്ലെങ്കിലും ഏതൊരാളെയും ശബ്ദത്തിലൂടെ തിരിച്ചറിയുന്ന ഖാദര്‍ വീട്ടിലെ ജോലികളിലെല്ലാം സഹോദരിയെ സഹായിക്കാറുണ്ട്. പശുവിനെ മേയ്ക്കുന്നതും ഖാദര്‍ തനിച്ചു തന്നെ.
ചില സന്നദ്ധ സംഘടനകളും പഞ്ചായത്ത് മെമ്പര്‍ റസാക്കും മുന്‍കൈയെടുത്ത് സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം ഷോപ്റിക്സ് മദനിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റും പെരുന്നാള്‍ വസ്ത്രങ്ങളും നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ തകര്‍ന്നു വീഴാറായ തങ്ങളുടെ കിടപ്പാടം നവീകരിച്ചു നല്‍കുന്നതിനുള്ള സഹായം ആരെങ്കിലും ചെയ്തു തരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."