വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ അക്രമം
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ അക്രമം. ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിങ് ബൂത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീറിനും യു.ഡി.എഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലത്തിനും പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജലീലിനുമാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിനാണ് ആക്രമിച്ചും കുത്തിയും പരുക്കേല്‍പ്പിച്ചതെന്നാണ് പരാതി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഇവര്‍ ആരോപിച്ചു.
ചന്തേരയില്‍ ബൂത്ത് ഏജന്റിനെ കൈയേറ്റം ചെയ്തു. ആറ് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ചന്തേര പൊലിസ് കേസെടുത്തു. ചന്തേര ഗവ. യു.പി സ്‌കൂള്‍ 115-ാം നമ്പര്‍ ബൂത്ത് ഏജന്റ് നിഷാം പട്ടേിലനെയാണ് കൈയേറ്റം ചെയ്തത്. പിലിക്കോട് പഞ്ചായത്തംഗമാണ് നിഷാം. കള്ളവോട്ട് ചോദ്യം ചെയ്യുന്നതിനിടെ ഒരു സംഘം ബൂത്തിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
കാസര്‍കോട് നിയോജക മണ്ഡലത്തിലെ പൈക്കയില്‍ എന്‍.ഡി.എ ബൂത്ത് ഏജന്റുമാര്‍ക്കെതിരേ ആക്രമണമുണ്ടായി. ബൂത്ത് നമ്പര്‍ 129, 130, 131 എവന്തൂര്‍ കൃഷ്ണമണിയാണി മെമ്മോറിയല്‍ സ്‌കൂള്‍ പൈക്കയില്‍ എന്‍.ഡി.എ യുടെ ബൂത്ത് ഏജന്റുമാരായിരുന്ന കൊറഗപ്പ, ചന്ദ്രന്‍ വളപ്പ്, അനില്‍ പൈക്ക എന്നിവരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി. സി.പി.എം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ 132-ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബി.ജെ.പി ബൂത്ത് ഏജന്റിനെ മര്‍ദിച്ചതായും പരാതിയുയര്‍ന്നു. ബൂത്ത് ഏജന്റായ സന്ദീപിനെയാണ് മര്‍ദിച്ചത്. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. കള്ളവോട്ട് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നും അവര്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കലക്ടര്‍ക്കും കാസര്‍കോട് ഡിവൈ.എസ്.പിക്കും പരാതി നല്‍കി.
കാഞ്ഞങ്ങാട്: കള്ളവോട്ടു ചെയ്തുവെന്നാരോപിച്ച് പടന്നക്കാട് സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കാഞ്ഞങ്ങാട് നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയമാന്‍ മുഹമ്മദ് മുറിയനാവി 150-ാം ബൂത്തില്‍ ഏജന്റായി ഇരിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോളിങ് സ്റ്റേഷനില്‍ വച്ച് തന്നെ വാക്കേറ്റം നടന്നു. ഇതിനിടയില്‍ പുറത്തിറങ്ങിയ മുഹമൂദ് മുറിയനാവിയെ ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്ന്് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
എന്നാല്‍ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസ് ഒരു സംഘം സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്നുവന്ന് കസേരകളും മറ്റ് സാമഗ്രികളും അടിച്ചുടക്കുകയായിരുന്നുവെന്ന് ലീഗ് കൗണ്‍സിലര്‍ അബ്ദുല്‍ റസാഖ് തായലക്കണ്ടി അറിയിച്ചു. ഇതോടെ സംഘര്‍ഷം വ്യാപിക്കാന്‍ തുടങ്ങി. പടന്നക്കാട് തെരഞ്ഞെടുപ്പ് കഴിഞ്ഞുവരികയായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി സി.പി.എം കേന്ദ്രങ്ങള്‍ പറഞ്ഞു.
ഒഴിഞ്ഞവളപ്പ് സ്വദേശികളായ ശരത്,ഷിബിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത് ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനുപിന്നിലെന്ന് സി.പി.എം ആരോപിച്ചു.
സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് കനത്ത പൊലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകരെയും മുഹമ്മൂദ് മുറിയനാവിയെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."