ജില്ലയുടെ പുനര്‍നിര്‍മാണം ജനകീയ പിന്തുണയോടെ നടപ്പാക്കും: മന്ത്രി
കല്‍പ്പറ്റ: അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ തകര്‍ന്ന ജില്ലയെ പുനര്‍നിര്‍മിക്കുകയെന്ന രണ്ടാംഘട്ട ദൗത്യത്തില്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടം നല്ല രീതിയില്‍ തരണം ചെയ്യാന്‍ നമുക്ക് സാധിച്ചു. എന്നാല്‍ പ്രളയം ബാക്കിവെച്ചത് വ്യാപക നാശനഷ്ടങ്ങളാണ്. പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിലുമാണ് ഇനി ശ്രദ്ധചെലുത്തേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുക എന്നത് പ്രാഥമിക ഉത്തരവാദിത്തമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങളും അടിസ്ഥാന രേഖകള്‍ ലഭ്യമാക്കലും അടിയന്തര പ്രാധാന്യത്തോടെ നിറവേറ്റാന്‍ കഴിയണം. വീട് നശിച്ചവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വായ്പകള്‍ക്ക് മോറട്ടേറിയം പ്രഖ്യാപിക്കുമ്പോള്‍ പലിശയും ഉള്‍പ്പെടുത്തണമെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. കൂടാതെ നാശനഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ കൃത്യത വേണം. കൂടുതല്‍ മെഡിക്കല്‍ ക്യാംപുകള്‍ ജില്ലയില്‍ നടത്തുന്ന സാഹചര്യമുണ്ടാകണമെന്നും ക്യാംപുകള്‍ നടത്താന്‍ താല്‍പര്യപ്പെട്ടുന്നവരെ അതിന് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും സഹായം ലഭ്യമാക്കണം. വളര്‍ത്തുമൃഗങ്ങളുടെ നഷ്ടവും കണക്കാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ മൂന്ന് ഘട്ടങ്ങളായി തിട്ടപ്പെടുത്തണമെന്നും ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ തേടണമെന്ന് എ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ക്യാംപുകളുടെ പ്രവര്‍ത്തനം വേഗത്തില്‍ അവസാനിപ്പിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു. സുഖകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ചില ക്യാംപുകളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച കണക്കുകള്‍ പത്ത് ദിവസത്തിനകം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ പറഞ്ഞു. ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും 29 മുതല്‍ പഠനം ആരംഭിക്കും. ക്യാംപുകളില്‍ നിന്ന് വീടുകളിലെത്തിയവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ വിറകുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലക്കായി ഹൃസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ സഹായം തേടുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ. അജീഷ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പൊലിസ് മേധാവി കറുപ്പസാമി, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."