ബാണാസുരസാഗര്‍ ഡാം തുറന്നത് 'വിദഗ്ധ സമിതി അന്വേഷിക്കണം'
കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചും ഡാമിന്റെ സുരക്ഷ സംബന്ധിച്ചും പഠിക്കുന്നതിന് വിദഗ്ധസമിതിയെ നിയമിക്കണമെന്ന് വയനാട്, ബാണാസുര പ്രകൃതി സംരക്ഷണ സമിതി അംഗങ്ങള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഡാമിന്റെ ഷെട്ടര്‍ തുറന്നതോടെ കഴിഞ്ഞ എട്ടിന് അര്‍ധരാത്രിയുണ്ടായ പ്രളയ ദുരന്തങ്ങളും സമിതി പഠനവിധേയമാക്കണം. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പും ശേഷവും ജനകീയ തെളിവെടുപ്പുനടത്തണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വേനല്‍ക്കാലത്ത് കൊടും വരള്‍ച്ചയും വര്‍ഷക്കാലത്ത് പ്രളയവും സ്ഥിരമായി സൃഷ്ടിക്കുന്ന ബാണാസുരസാഗര്‍ ഒരലക്ഷത്തോളം ജനങ്ങള്‍ക്ക് തീരാദുരിതമല്ലാതെ ഒരു ഗുണവും നല്‍കിയിട്ടില്ല. അണക്കെട്ടിലെ മുപ്പതുശതമാനം വെള്ളം കൃഷിക്കും കുടിവെള്ളത്തിനും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതിയും ലോകബാങ്കില്‍ നിന്ന് വായ്പയും നേടിയെടുത്തത്. എന്നാല്‍ കമ്മീഷന്‍ ചെയ്ത് 16 വര്‍ഷമായിട്ടും ഒരുതുള്ളി വെള്ളം പോലും ഡാമില്‍ നിന്ന് ആര്‍ക്കും നല്‍കിയിട്ടില്ല. കൊടും വരള്‍ച്ചയുണ്ടായ സമയത്ത് കലക്ടര്‍ ഉള്‍പെടെ ആവശ്യപ്പെട്ടിട്ടും ഒരു തുള്ളി ജലം ഡാമില്‍ നിന്ന് വിട്ടുനല്‍കിയിട്ടില്ല. ഇത്തരമൊരു ഡാം വയനാട്ടില്‍ ഇനിയും നിലനില്‍ക്കേണ്ടതുണ്ടോ എന്ന് ജില്ലയിലെ പൊതുസമൂഹം ചിന്തിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ടിന് അര്‍ധരാത്രി നാലു ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെയും ജില്ലാഭരണകൂടത്തിന്റെ സമ്മതമില്ലാതെയും തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രളയം കേരളം കണ്ട ഏറ്റവും വലുതും നീചവുമായ മനുഷ്യനിര്‍മിത ദുരന്തമാണ്.
പ്രളയത്തില്‍ ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം കെ.എസ്.ഇ.ബി നല്‍കുകയും ഉത്തരവാദികള്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുകയും വേണം. ഇത് കേരളത്തിലുടനീളമുണ്ടായ പ്രകൃതിദുരന്തത്തിന്റെ ഭാഗമായി കണ്ട് ദുരിതാശ്വാസം നല്‍കി എല്ലാം അവസാനിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ ഇരകളായവര്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അവര്‍ പറഞ്ഞു. 1987-ലെയും 2012-ലെയും ജലനയത്തിന്റെ നഗ്നമായ ലംഘനമാണ് ബാണാസുരസാഗറിന്റെ കാര്യത്തില്‍ നടക്കുന്നത്. വയനാടിന്റെ ശിരസ്സില്‍ സ്ഥാപിക്കപ്പെട്ട ജലബോംബാണ് ബാണാസുരസാഗര്‍. ഡാം ഓപ്പറേഷന്‍ മാനേജ്‌മെന്റ് കെ.എസ്.ഇ.ബിക്ക് അന്യമാണ്.
ഡാം ഓപ്പറേഷനുള്ള വിദഗ്ധരോ വൈദഗ്ധ്യമോ അവര്‍ക്കില്ല. 65 സ്‌ക്വയര്‍കിലോമീറ്റര്‍ വൃഷ്ടിപ്രദേശത്ത് രണ്ടു മഴമാപിനികള്‍ മാത്രമാണുള്ളത്. ജനങ്ങളുടെ സുരക്ഷ തങ്ങളുടെ ബാധ്യതയല്ലെന്നുള്ള ധിക്കാരപരമായ നിലപാടാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. കര്‍ക്കശമായി പാലിക്കേണ്ട ഓപ്പറേഷന്‍ പ്രോട്ടോക്കോള്‍ ബാണാസുരസാഗറില്‍ പാലിച്ചിരുന്നെങ്കില്‍ എട്ടിനുണ്ടായ ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ ആരോപിച്ചു.
ഡാമിന്റെ സുരക്ഷ നിലനിര്‍ത്താനും മിന്നല്‍ പേമാരിമൂലം ഉണ്ടായേക്കാവുന്ന നീരൊഴുക്കിനെ 48 മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉള്‍ക്കൊള്ളാനും സാധ്യമാംവിധം ജലസംഭരണിയുടെ ജലവിതാനം എഫ്.ആര്‍.ലൈനില്‍ നിന്നും 5 മീറ്റര്‍ താഴെ നിലനിര്‍ത്താന്‍ കെ.എസ്.ഇ.ബി തയാറാകണം.
വേനല്‍ക്കാലത്ത് പുഴയുടെ നീരൊഴുക്ക് ഉറപ്പാക്കണം. സര്‍ക്കാറും വൈദ്യുതി വകുപ്പും അടിയന്തരനടപടികള്‍ സ്വീകരിക്കാത്തപക്ഷം നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ എന്‍. ബാദുഷ, തോമസ്സ് അമ്പലവയല്‍, യു.സി ഹുസൈന്‍, കെ.പി മൊയ്തീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."