ദുരിതത്തിനിടെ തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തമ്മിലടി
അങ്കമാലി: കാലവര്‍ഷം ശക്തമായി നാട്ടില്‍ ജനങ്ങള്‍ ദുരന്തം അനുഭവിക്കുമ്പോള്‍ തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തമ്മിലടി. ഇന്നലെ നടന്ന തുറവൂര്‍ പഞ്ചായത്തിലെ അടിയന്തര കമ്മിറ്റിയാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ ചൊല്ലിയുള്ള അഴിമതിയാരോപണത്തെ തുടര്‍ന്ന് ബഹളത്തില്‍ കലാശിച്ചത്. ബഹളത്തെ തുടര്‍ന്ന് രണ്ട് വനിത പഞ്ചായത്ത് അംഗങ്ങള്‍ ആശുപത്രിയിലായി. പഞ്ചായത്ത് ഭരണസമിതി കാലവര്‍ഷ കെടുതി പ്രവര്‍ത്തനങ്ങളില്‍ ഏകോപനം നടത്തുന്നില്ലയെന്ന് ആരോപിച്ചും കാലവര്‍ഷക്കെടുതിയില്‍ പെട്ട ജനങ്ങളെ സഹായിക്കുവാന്‍ ലഭിച്ച പണം വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ലന്നും ആരോപിച്ച് യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി. ഇന്നലെ അടിയന്തര യോഗം വിളിച്ചപ്പോള്‍ കലവര്‍ഷകെടുതി ഇടുക്കാതെ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ചര്‍ച്ചക്കെടുത്തതാണ് തര്‍ക്കത്തിനു കാരണം. പഞ്ചായത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കകെടുതി അനുഭവിക്കുന്ന രണ്ട്, മൂന്ന്, നാല്, എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകളിലെ പ്രശ്‌നങ്ങളാണ് ചര്‍ച്ചചെയ്യേണ്ടതെന്ന് പ്രതിപക്ഷ അംഗങ്ങളായ ടി.ടി പൗലോസ്, കെ.വി സന്തോഷ്, ജിന്റോ വര്‍ഗീസ്, ടെസി പോളി, വിന്‍സി ജോയ് എന്നിവര്‍ പ്രമേയം മൂലം ആവശ്യപ്പെട്ടു. പ്രമേയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റ് വിസമ്മതിച്ചതോടെ വാക്കുതര്‍ക്കവും ബഹളവുമായി. ഇതിനിടയില്‍ പ്രതിപക്ഷ വനിത അംഗം വിന്‍സി ജോയി ബോധം കെട്ടു വീണു. ഭരണ പക്ഷ അംഗം രാജി ബിനീഷും അവശയായി. ഇരുവരെയുംആശുപത്രിയിലേക്ക് മാറ്റി. വെള്ളപ്പൊക്കം സംബന്ധിച്ച് പഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചോരാനോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ഭരണ സമിതി നടപടി എടുത്തില്ല. ദുരിതബാധിതര്‍ക്ക് ലഭിച്ച സാധനങ്ങള്‍ വെള്ളപ്പൊക്കം ബാധിക്കാത്ത വാര്‍ഡുകളിലേക്ക് മാറ്റാന്‍ ശ്രമം നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട് . പഞ്ചായത്ത് പ്രസിഡന്റും ചില അംഗങ്ങളും വെള്ളപ്പൊക്കത്തിന്റെ പേരില്‍ പിരിവെടുത്തു. ഒരു വിദേശ കമ്പനി ക്യാംപില്‍ വിതരണം കൊടുത്തുവിട്ട 200 ചാക്ക് അരി 80ചാക്കായി വെട്ടികുറച്ച് അടിച്ച് മാറ്റിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട് .ക്യാംപുകളില്‍ നിന്നും ഇടതുയുവജന സംഘടന ഭാരവാഹികള്‍ പൊതിച്ചോറ് കൊണ്ടു പോകുകയും കൊടികുത്തിയ വാഹനങ്ങളില്‍ വിതരണം നടത്തുകയും ചെയ്തു. ദുരിത ബാധിത പ്രദേശത്ത് ശുദ്ധജലം എത്തിക്കാനോ മാലിന്യം നീക്കാനോ പഞ്ചായത്ത് അധികൃൃതര്‍ യാതൊരു നടപടി സ്വീകരിച്ചില്ല.
പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ സെക്രട്ടറി നടപ്പാക്കാതിരുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതിന് കാരണമായി ക്യാംപുകളില്‍ ഡോക്റ്റര്‍മാരുടെ സേവനം ലഭിച്ചില്ല തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്. ധര്‍ണയില്‍ മെംമ്പര്‍മാരായ ടി.ടി.പൗലോസ്, കെ.വി.സന്തോഷ്, ജിന്റോ വര്‍ഗീസ്, ടെസി പോളി കോണ്‍ഗ്രസ് നേതാക്കളായ ടി.എം വര്‍ഗീസ്, ബി.വി. ജോസ് മാസ്റ്റര്‍, ജോയ് തളിയന്‍ സജയ് ജോണ്‍, പോളി പാലമറ്റം, കെ.പി. ജോസ്, കെ.പി. യോഹന്നാന്‍ ദേവസിക്കുട്ടി പടയാട്ടി എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."