വോട്ടെടുപ്പിനു ശേഷം പരക്കെ അക്രമം
കണ്ണൂര്‍: വോട്ടെടുപ്പില്‍ ജില്ലയില്‍ പലയിടത്തും അക്രമങ്ങളും ബൂത്ത് കൈയേറിയതായും പരാതി. പെരിങ്ങത്തൂര്‍ സൗത്ത് അണിയാരത്ത് യു.ഡി.എഫ് ബൂത്ത് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. സൗത്ത് അണിയാരം എല്‍.പി സ്‌കൂളില്‍ 152ാം നമ്പര്‍ പോളിംഗ് സ്റ്റേഷന് അകലെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ബൂത്താണ് ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മുഴക്കുന്നിലെ 71ാം ബൂത്തില്‍ കള്ളവോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യു.ഡി.എഫ് പോളിങ് ഏജന്റിന് മര്‍ദനമേറ്റു. വത്സന്‍ കല്ല്യാടനാണ് മര്‍ദനമേറ്റത്. സംഘര്‍ഷത്തിനിടയില്‍ വോട്ടിങ് മെഷീന്‍ നിലത്തു വീണു. വട്ട്യറയിലെ പോളിങ് ബൂത്തില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലിസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.
കല്യാശ്ശേരി മണ്ഡലത്തില്‍ വ്യാപകമായി ബൂത്ത് കൈയേറി കള്ളവോട്ട് നടത്തിയതായി യു.ഡി.എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫ് ഏഴോം പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ അലികാടത്തറയെ നരിക്കോട് സ്‌കുളിലെ ബൂത്തില്‍ കയറി അക്രമിച്ചു. ചെറുകുന്ന് പഞ്ചായത്തിലെ പുന്ന ചേരിയില്‍ ബൂത്ത് ഏജന്റായ യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാഹുല്‍ പൂങ്കാവ് ദേവന്‍കപ്പച്ചേരി എന്നിവരെ പൊലിസിന്റെ കണ്‍മുന്നില്‍ വച്ചാണ് അക്രമിച്ചത്.
ചൊക്ലി നോര്‍ത്ത് മേനപ്രം എല്‍.പി സ്‌കൂളില്‍ കള്ള വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ബൂത്തിനുള്ളില്‍ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി എ.എസ്.പിയും സംഘവും ഏജന്റിനെ പുറത്തെത്തിച്ച് സ്വന്തം വോട്ട് ചെയ്യാനായി അണിയാരം കേളോത്ത് എല്‍.പി സ്‌കൂളിലെത്തിച്ചു. എം.എസ്.എഫ് നേതാവ് കിഴ്മാടത്തെ മൊട്ടത്ത് മുഹമ്മദിനെയാണ് ഭീഷണിപ്പെടുത്തി ബൂത്തിനുള്ളില്‍ ബന്ദിയാക്കിയത്. ചൊക്ലി മേക്കുന്ന് മതിയമ്പത്ത് എല്‍.പി സ്‌കൂളില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സി.പി.എം പ്രവര്‍ത്തകനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
പെരിങ്ങത്തൂര്‍: ചൊക്ലിയില്‍ പൊലിസും സി.പി.എം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ചൊക്ലി യു.പി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തെരഞ്ഞെടുപ്പ് ചുമതലയ്‌ക്കെത്തിയ സ്‌പെഷല്‍ പൊലിസ് ഓഫിസര്‍മാരുമായാണ് വാക്കേറ്റം ഉണ്ടായത്. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ വി.കെ രാഗേഷിനെ മര്‍ദനമേറ്റ പരുക്കുകളോടെ ചൊക്ലി മെഡിക്കല്‍ സെന്റെറില്‍ പ്രവേശിപ്പിച്ചു. ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലും സംഘവും മര്‍ദിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ചൊക്ലി ടൗണില്‍ സി.പി.എം പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഏറെ നേരം വാക്കേറ്റം ഉണ്ടായി. പ്രവര്‍ത്തകര്‍ പൊലിസിനെതിരെ പ്രകടനം നടത്തി. അഡ്വ. എ.എന്‍ ഷംസീര്‍ എം.എല്‍.എ സ്‌കൂളിലെത്തി. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്.
ബോംബെറില്‍ പൊലിസുകാര്‍ക്ക് പരുക്കേറ്റു
പാനൂര്‍: കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ സി.പി.എം-ലീഗ് സംഘര്‍ഷം. ബോംബെറില്‍ എസ്.ഐക്കും പൊലിസുകാരനും പരുക്കേറ്റു. വോട്ടെടുപ്പ് കഴിഞ്ഞശേഷം ലീഗുകാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും സംഘര്‍ഷത്തിനിടയില്‍ ബോംബ് സ്‌ഫോടനമുണ്ടാവുകയുമായിരുന്നു. കൊളവല്ലൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എം.കെ അനില്‍കുമാര്‍, എം.എസ്.പി അംഗം ചന്ദ്രദാസ് എന്നിവര്‍ക്ക് പരുക്കേറ്റു.
ഇവരെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സി.പി.എം ഓഫിസിന് നേരെ അക്രമം നടന്നു. ഓഫിസിലുണ്ടായിരുന്ന ആശാരിന്റവിട പുരേഷ്, പങ്കജം, സുനിത എന്നിവര്‍ക്ക് നിസാര പരുക്കേറ്റു.
ബൂത്ത് ഏജന്റുമാര്‍ക്ക് മര്‍ദനമേറ്റു
തളിപ്പറമ്പ്: മേഖലയില്‍ അക്രമത്തില്‍ യു.ഡി.എഫിന്റെ മൂന്ന് ബൂത്ത്ഏജന്റുമാര്‍ക്ക് പരുക്കേറ്റതായി പരാതി.
വടക്കാഞ്ചേരി എ.എല്‍.പി സ്‌കൂളിലുണ്ടായ അക്രമത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റുമാരായ പാറാട്ടെ സി. ലത്തീഫ് (45), വടക്കാഞ്ചേരിയിലെ കെ.പി രാജീവന്‍ (50) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ പരുക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തില്‍ 100 ഓളം സി.പി.എമ്മുകാരാണ് ആക്രമിച്ചതെന്ന് യു.ഡി.എഫ് ആരോപിച്ചു. നരിക്കോട് ഒന്‍പതാം ബൂത്തില്‍ യു.ഡി.എഫ് ഏജന്റായിരുന്ന അലി കടാത്തറ(70)ക്കും അക്രമത്തില്‍ പരുക്കേറ്റു. ബൂത്തിനുളളില്‍ വച്ചാണ് ഇയാളെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."