ഡി.കെ ശിവകുമാറിന് കൊവിഡ്
ബംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി.കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. 58കാരനായ ഇദ്ദേഹം രാജാജിനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തനിക്കു കൊവിഡ് സ്ഥിരീകരിച്ചതായി ശിവകുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നഭ്യര്ഥിച്ച അദ്ദേഹം, തന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ട്വീറ്റ് ചെയ്തു.
കര്‍ണാടകയിലെ ചില ജില്ലകളിലുണ്ടായ പ്രളയക്കെടുതികള്‍ നേരിട്ടു വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്താനിരുന്ന ശിവകുമാര്‍ അവസാന നിമിഷം അതു റദ്ദാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഇത്. പിന്നീടാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്കു വിധേയനാക്കിയിരുന്നത്.
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ണാടകയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, നാലു മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തുടങ്ങിയവര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."