കേരളത്തിനായി എന്‍.ഡി ടിവി തത്സമയ പരിപാടിയില്‍ സമാഹരിച്ചത് പത്ത് കോടി
മുംബൈ: പ്രളയ ദുരിതത്തില്‍ കുടുങ്ങിയ കേരളത്തെ സഹായിക്കാനായി എന്‍.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വരൂപിക്കാനായത് പത്ത് കോടിയിലേറെ രൂപ. ഇന്ത്യ ഫോര്‍ കേരള എന്ന ആറ് മണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലൂടെയാണ് എന്‍.ഡി.ടി.വി കേരളത്തിനു വേണ്ടി ധനസമാഹരണം നടത്തിയത്. ഇന്നലെ മൂന്ന് മണിക്ക് ആരംഭിച്ച പരിപാടി ആറ് മണിക്കൂറിലേക്ക് എത്തുമ്പോള്‍ പത്ത് കോടിയിലേറെ സമാഹരിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ സംഭാവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തൊരു ധനസമാഹരണം ഇതാദ്യമായാണ് നടക്കുന്നത്.
പ്രളയത്തില്‍ കേരളത്തിന് 40,000 കോടിയിലേറെ നഷ്ടമാണ് കണക്കാക്കുന്നത്. കേരളം ഒരു പുനര്‍നിര്‍മ്മാണത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് എന്‍.ഡി.ടി.വി ധനശേഖരണാര്‍ത്ഥം ടെലിത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചാനലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.പരിപാടി വഴിയെത്തുന്ന എല്ലാ സംഭാവനകളും പ്ലാന്‍ ഇന്ത്യ എന്ന എന്‍.ഡി.ടിവിയുടെ സന്നദ്ധ സംഘടനയിലേക്കായിരിക്കും എത്തുക. ആ തുക കേരളത്തിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഗ്രാമങ്ങളെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ചാനല്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."