HOME
DETAILS
MAL
കേന്ദ്ര സര്‍വകലാശാല: ഒ.ബി.സി വിഭാഗത്തില്‍ 313 ഒഴിവുകള്‍; നിയമനം 9 പ്രൊഫസര്‍മാര്‍ക്ക് മാത്രം
backup
August 26 2020 | 03:08 AM
ന്യൂഡല്‍ഹി: ഒ.ബി.സിക്കാര്‍ക്കായി 313 തസ്തികകള്‍ ഒഴിവുണ്ടായിട്ടും രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നത് ഒന്‍പത് ഒ.ബി.സി പ്രൊഫസര്‍മാര്‍ മാത്രം. 2020 ഓഗസ്റ്റ് വരെ ആകെ ഒഴിവിന്റെ 2.8 ശതമാനത്തിലേക്ക് മാത്രമാണ് നിയമനം നടത്തിയിരിക്കുന്നത്. 304 സീറ്റുകളാണ് ഇത്തരത്തില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടത്. യു.ജി.സി രേഖകള്‍ ചൂണ്ടിക്കാട്ടി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2020 ജനുവരി ഒന്നു വരെ ഒ.ബി.സി ക്വാട്ടയിലേക്ക് ഒരു പ്രൊഫസറെപ്പോലും നിയമിച്ചിട്ടില്ല.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കേന്ദ്ര സര്‍വകലാശാലകളില്‍ 735 തസ്തികകളാണുള്ളത്. ഇതില്‍ നിയമനം നടന്നത് 38 തസ്തികകളില്‍ മാത്രം (5.17 ശതമാനം). അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ താരതമ്യേന മെച്ചപ്പെട്ട നിലയാണുള്ളത്. സംവരണം തത്വം പാലിക്കാതെയാണ് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും അതേ നടപടി തന്നെ തുടരുകയാണ് ചെയ്യുന്നതെന്ന് വ്യക്തമായതായി പിന്നാക്ക കമ്മിഷന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
2016ല്‍ 27 ശതമാനം ഒ.ബി.സി സംവരണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വരെയാക്കി നിശ്ചയിച്ച് യു.ജിസി ചട്ടം രൂപീകരിച്ചിരുന്നു. എന്നാല്‍ 2019ല്‍ സെന്‍ട്രല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (റിസര്‍വ്വേഷന്‍ ഇന്‍ ടീച്ചേഴ്‌സ് കാഡര്‍) ഓര്‍ഡിനന്‍സിലൂടെ ഇത് പുനസ്ഥാപിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ നടത്താന്‍ യു.ജി.സി തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."