പ്രളയബാധിത പ്രദേശത്ത് കവര്‍ച്ച ആസൂത്രണം വിദേശമലയാളിയും സുഹൃത്തും പിടിയില്‍
കൊച്ചി: പ്രളയബാധിത പ്രദേശത്ത് കവര്‍ച്ച ആസൂത്രണം ചെയ്ത വിദേശമലയാളിയും സുഹൃത്തും പൊലിസ് പിടിയില്‍. പെരുമ്പാവൂരില്‍ ധനകാര്യസ്ഥാപനങ്ങളില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കണ്ണൂര്‍ തളാപ്പ് സ്വദേശി അശ്വിന്‍, ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശന്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലിസിന്റെ പിടിയിലായത്.ആലപ്പുഴ റിസോര്‍ട്ടില്‍ വച്ചാണ് ഇവരെ പിടികൂടിയത്.
ഗ്യാസ് കട്ടര്‍ അടക്കമുള്ള കവര്‍ച്ച ഉപകരണങ്ങളും ഇവരില്‍ നിന്ന് പിടികൂടി.പൊലിസിന്റെ ശ്രദ്ധ പ്രളയത്തിലകപ്പെട്ടവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കവെ വന്‍ കവര്‍ച്ച നടത്താനായിരുന്നു ഇവരുടെ പദ്ധതി. ധനകാര്യ സ്ഥാപനങ്ങളിലും ബിവറേജ് ഔട്ട്‌ലറ്റുകളിലുമാണ് കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി പ്രതികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പെരുമ്പാവൂരിലെ ഒരു കടയുടെ പൂട്ട് തകര്‍ത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ കവര്‍ച്ച ചെയ്തു.തുടര്‍ന്ന് കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലിസ് ഗ്യാസ് കട്ടര്‍ ഉപയോഗത്തിനാണ് ഓക്‌സിജന്‍ സിലിണ്ടര്‍ കവര്‍ന്നതെന്ന് മനസിലാക്കുകയായിരുന്നു. വന്‍ കവര്‍ച്ചയാണ് പ്രതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞതോടെ വിവിധ ജില്ലാ പൊലിസ് മേധാവികള്‍ക്ക് വിവരം കൈമാറി.
തുടര്‍ന്ന് വിവിധയിടങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്.ഇവര്‍ ദീര്‍ഘകാലം ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. ജയപ്രകാശ് 2103 ല്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരെ കെട്ടിയിട്ട് അമ്പത് ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ പ്രതിയാണ്. ഇയാള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഓര്‍ഗാനിക് ഫ്രൂട്ട്‌സ് ബിസിനസായിരുന്നു.
അശ്വിന് ഓസ്‌ട്രേലിയയില്‍ നിന്നും ബിസിനസ് നെതര്‍ലാന്റ്്‌സിലേക്ക് മാറ്റുന്നതിനുള്ള പണം കണ്ടെത്താനാണ് കവര്‍ച്ചയില്‍ മുന്‍ പരിചയമുള്ള ജയപ്രകാശിനെ കൂട്ടുപിടിച്ചത്. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ബിവറേജ് ഔട്ട് ലറ്റുകളിലെ പണം കവര്‍ച്ച ചെയ്യുന്നതിനും ഇവര്‍ പദ്ധതിയിട്ടതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."