പ്ലേ ഓഫ് പ്രതീക്ഷയുമായി കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഈഡനിലെ മൈതാനത്ത് രാജസ്ഥാനെ നേരിടാനിറങ്ങുന്ന കൊല്‍ക്കത്തയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. അല്ലെങ്കില്‍ ബാംഗ്ലൂരിന്റെയും രാജസ്ഥാന്റെയും അതേ ഗതി തന്നെയാകും നൈറ്റ് റൈഡേഴ്‌സിനെ കാത്തിരിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ കത്തിക്കയറിയ നൈറ്റ് റൈഡേഴ്‌സിനെയല്ല പിന്നീടുള്ള മത്സരങ്ങളില്‍ കണ്ടത്.
റസലിനെ മുന്നില്‍ കണ്ടുമാത്രം മുന്നേറുന്ന നൈറ്റ് റൈഡേഴ്‌സിനെയാണ് പിന്നീട് ആരാധകര്‍ കണ്ടത്. സീസണിന്റെ തുടക്കത്തില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമുകളില്‍ ഒന്നായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ ഇപ്പോള്‍ പ്ലേ ഓഫ് കടക്കുമോ എന്ന ആശങ്കയിലാണ് ടീം. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും പരാജയപ്പെടുന്ന കാര്‍ത്തിക്കിനെയാണ് സീസണില്‍ കാണാന്‍ കഴിയുന്നത്. അതീവ സമ്മര്‍ദത്തിലുള്ള കാര്‍ത്തിക് തൊട്ടതെല്ലാം പിഴക്കുകയാണ്. ലോകകപ്പില്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞ ഋഷഭ് മിന്നുന്ന ഫോമില്‍ കളിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ കാര്‍ത്തിക് തപ്പി തടയുകയാണ്. കൂടാതെ വിമര്‍ശനങ്ങളും പിന്തുടരുന്നുണ്ട്. എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തികൊണ്ടുളള ഒരു തിരിച്ചുവരവാണ് ഡി.കെക്കും നൈറ്റ് റൈഡേഴ്‌സിനും ആവശ്യം.
മറു ഭാഗത്ത് ക്യാപ്റ്റന്‍ മാറിയിട്ടും തുടര്‍ വിജയങ്ങള്‍ എത്തിപിടിക്കാന്‍ രാജസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ രഹാനയുടെ സെഞ്ചുറി മികവില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ഡല്‍ഹിക്കെതിരെ ജയിക്കാന്‍ അവര്‍ക്കായില്ല. ബാറ്റ്‌സ്മാന്‍മാര്‍ മികവിനൊത്തുയര്‍ന്നിട്ടും ബൗളര്‍മാര്‍ തല്ലു വാങ്ങിയതാണ് അവര്‍ക്ക് വിനയായത്. കളിച്ച പത്തില്‍ ഏഴിലും തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ബാക്കിയുളള മത്സരങ്ങള്‍ ജയിച്ച് സീസണ്‍ പൂര്‍ത്തിയാക്കാനാകും രാജസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നത്. നേരത്തെ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത എട്ടു വിക്കറ്റിന് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാത്രി എട്ടിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."